മസ്കത്ത്: വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച ഇന്ന്. റമദാനിലെ വെള്ളിയാഴ്ച ഏറെ പുണ്യങ്ങൾ നിറഞ്ഞതാണെന്നാണ് വിശ്വാസികൾ കരുതുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി കോവിഡ് കാരണം റമദാനിൽ വെള്ളിയാഴ്ച പ്രാർഥനകൾ നടന്നിരുന്നില്ല. അതിനാൽ ഒമാനിലെ എല്ലാ മസ്ജിദുകളിലും ഇന്ന് വിശ്വാസികൾ ഒഴുകിയെത്തും. വെള്ളിയാഴ്ച പ്രാർഥനക്കെത്തുന്നവർ ഖുർആൻ പാരായണത്തിലും പ്രാർഥനകളിലും മുഴുകുന്നതിനാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ് മസ്ജിദുകളിൽ അനുഭവപ്പെടുക.
മസ്ജിദുകളിൽ നല്ല തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ പലതിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. നേരത്തേ വിശ്വാസികൾ എത്തുന്നതിനാൽ പ്രധാന ഭാഗം പെട്ടെന്ന് നിറയും. അതോടെ അവസാനമെത്തുന്ന നിരവധി പേർക്ക് മസ്ജിദിന് പുറത്ത് പ്രാർഥനകൾ നടത്തേണ്ടി വരും.
റൂവി അടക്കമുള്ള പ്രധാന നഗരങ്ങളിലാണ് തിരക്ക് ഏറെ വർധിക്കുക. എന്നാൽ, റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനക്ക് സൗകര്യമുള്ളത് റൂവി ഖാബുസ് മസ്ജിദിലെ തിരക്ക് കുറയാൻ സഹായിക്കും. ദിവസങ്ങൾക്ക് മുമ്പാണ് മച്ചി മാർക്കറ്റ് മസ്ജിദ് വിശ്വാസികൾക്കായി തുറന്നു കൊടുത്തത്. കോവിഡ് ഭീതി നീങ്ങിയതിനാൽ മറ്റ് മസ്ജിദുകളിലെല്ലാം നല്ല തിരക്കായിരിക്കും.
പലരും കുടുംബത്തോടെയാണ് ഇന്ന് മസ്ജിദുകളിലെത്തുക. റൂവിയിലെ അൽ ഫലാഹ് മസ്ജിദ്, വൽജയിലെ ബുഖാരി മസ്ജിദ് എന്നിവിടങ്ങളിലും തിരക്ക് വർധിക്കും. കൂടുതൽ ആളുകൾ ഒത്ത് കൂടുമ്പോഴുള്ള കോവിഡ് വ്യാപനം തടയാൻ അധികൃതർ നടപടികൾ ശക്തമാക്കാനും സാധ്യതയുണ്ട്.
കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയവും റോയൽ ഒമാൻ പൊലീസും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾക്ക് താൽപര്യം കുറഞ്ഞിട്ടുണ്ട്. ഇത് കൂടുതൽ വിപത്തുകളിലേക്ക് നീങ്ങുമെന്നാണ് അധികൃതർ ഭയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.