മസ്കത്ത്: ട്വന്റി20 ലോകകപ്പിലെ അവസാന മത്സരത്തിൽ ഒമാൻ ഇന്ന് ശക്തരായ ഇംഗ്ലണ്ടിനെ നേരിടും. ആദ്യം മൂന്നു കളിയും തോറ്റ സുൽത്താനേറ്റ് ഇതിനകം ലോകകപ്പിൽനിന്ന് പുറത്തായിട്ടുണ്ട്. ഇന്ന് മികച്ച കളി പുറത്തെടുത്ത് മാന്യമായി ലോകകപ്പിനോട് വിടപറയാനായിരിക്കും കോച്ച് മെൻഡിസും കൂട്ടരും ശ്രമിക്കുക. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഒമാൻ സമയം രാത്രി 11മണിക്കാണ് മത്സരം.
ആദ്യ രണ്ട് മത്സരങ്ങളിൽ ബൗളർമാർ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നന്നായി നിർവഹിച്ചെങ്കിലും ബാറ്റർമാർ പ്രതീക്ഷക്കൊത്തുയരാത്തതാണ് തിരിച്ചടിയായത്. ആദ്യ കളിയിൽ നിർഭാഗ്യത്തിന്റെ അകമ്പടിയോടെ 11റൺസിനാണ് സൂപ്പർ ഓവറിൽ നമീബിയയോട് തോൽവി വഴങ്ങിയത്. രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ വിറപ്പിക്കാനും സുൽത്താനേറ്റിനായി. 39 റൺസിനായിരുന്നു കംഗാരുപ്പടയോട് അടിയറവു പറഞ്ഞത്.
ലോകകപ്പിൽ ഒരു വിജയമെങ്കിലും നേടുകയെന്ന സ്വപ്നവുമായാായിരുന്നു മൂന്നാം അങ്കത്തിനായി ഒമാൻഇറങ്ങിയത്. എന്നാൽ, ആദ്യ രണ്ട് കളിയിൽനിന്ന് വിഭിന്നമായി ബൗളർമാർ നിറം മങ്ങിയതോടെ ഏഴ് വിക്കറ്റിന് സ്കോട്ട്ലാൻഡിനോാടും കീഴടങ്ങി. ഇന്നത്തെ കളിയിൽ ടീമിൽ ചില മാറ്റങ്ങൾ വരുത്താൻ കോച്ച് മെൻഡിസ് തയാറേയേക്കും.
അതേസമയം, മൂന്നു കളിയിലും ഒമാൻ തോറ്റെങ്കിലും മികച്ച പോരാട്ടം നടത്തിയിട്ടുണ്ടെന്നാണ് ഇംഗീഷ് പട കണക്കുകൂട്ടുന്നത്. എതിരാളികളെ ദുർബലരായി കാണാതെ മികച്ച കളി പുറത്തെടുക്കണമെന്നാണ് ഇംഗണ്ട് കോച്ച് താരങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.