ഷിനാസിൽ പുനർനിർമിച്ച ടവറുകളിലൊന്ന്
മസ്കത്ത്: ഷിനാസിലെ മുറീർ ഗ്രാമത്തിൽ ചരിത്ര പ്രധാന്യമുള്ള രണ്ട് ടവറുകൾ പൈതൃക-ടൂറിസം മന്ത്രാലയം പുനർനിർമിച്ചു. ഒമാനിലെ വാസ്തു ശിൽപ സാംസ്കാരിക പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. വടക്കൻ ബാത്തിനയിലെ ഹെറിട്ടേജ് ആൻഡ് ടൂറിസം മന്ത്രാലയമാണ് പുനർ നിർമാണത്തിന് നേതൃത്വം നൽകിയത്. ശിനാസിലെ അൽ മുറീർ, അൽ മുറാബാ ടവറുകളാണ് പുനർനിർമാണം നടത്തിയത്. ഈ രണ്ട് ടവറുകളും ചരിത്ര പരമായും പുരാവസ്തു ഇനത്തിലും ഏറെ പ്രധാനപ്പെട്ടതാണ്. പ്രദേശത്തെ ജനങ്ങളുടെ സഹകരണത്തോടെയാണ് ടവറിന്റെ പുനർ നിർമാണം നടത്തിയതെന്ന് മന്ത്രാലയം ഡയറക്ടർ ഹസൻ ബിൻ സുലൈമാൻ അൽ റാഷ്സി പറഞ്ഞു. കുമ്മായം അടക്കമുള്ള കെട്ടിട ഉപകരണങ്ങളും സാങ്കേതിക മേൽനോട്ടവും നടത്തിയത് മന്ത്രാലയമാണ്.
മുറാബാ ടവറിന് ചതുര ആകൃതിയാണുള്ളത്. ഇതിന് ഏകദേശം 4.5 നീളവും 3.3 മീറ്റർ വീതിയുമുണ്ട്. ഇതിന്റെ ഉയരം ഏഴ് മീറ്ററാണ്. ഉത്തേഗമായ പർവ്വതങ്ങൾക്കിടയിൽ തെക്ക് ഭാഗത്ത് വാദിയോട് ഓരം ചേർന്നാണ് ടവർ നിർമിച്ചിരിക്കുന്നത്. മണ്ണും കല്ലും കൊണ്ടാണ് ഇവയൊരുക്കിയിരിക്കുന്നത്. മണ്ണും ചരക്കല്ലും ഉപയോഗിച്ചാണ് അൽ മുരീർ ടവർ നിർമിച്ചിരിക്കുന്നത്. ഇതിന്റെ വിസ്താരം ആറ് മീറ്ററും ഉയരം 10 മീറ്ററമാണ്.
ഏറെ ചരിത്ര പ്രധാന്യമുള്ള സ്ഥമാണ് ശിനാസ്. ഇവിടെ ചരിത്ര പ്രധാന്യമുള്ള 35 ടവറുകളും നിരവധി കോട്ടകളുമുണ്ട്. ഷിനാസ് കോട്ട, ഖദറവിൻ കോട്ട, അജീബ് കോട്ട, അൽ അസ്വാബ് കോട്ട, അൽ അസ്റാർ കോട്ട എന്നിവ ഇതിൽ പെട്ടതാണ്. കടൽ തീരത്തോട് ചേർന്നാണ് അൽ മുറീർ ടവർ നിലകൊള്ളുന്നത്. കടലിലൂടെ വരുന്ന ശത്രുക്കളുടെ നീക്കങ്ങൾ ശ്രദ്ധിക്കാനും അവയെ തിരിച്ച് ആക്രമിക്കാനും കഴിയുന്ന രീതിയിലാണ് കോട്ട നിർമിച്ചിരിക്കുന്നത്. അസ്വാദ് കോട്ട പ്രമുഖമായ പുരാവസ്തു കേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.