മസ്കത്ത്: യു.എ.ഇ ദേശീയ ദിനത്തിന്റെ പൊതുഅവധി ആഘോഷിക്കാനായി മലയാളികളടക്കമുള്ളവർ ഒമാനിലേക്ക് ഒഴുകിയതോടെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചു. ദേശീയദിനത്തോടനുബന്ധിച്ച് യു.എ.ഇയിൽ അവധി ദിവസങ്ങൾ കുറവായതാണ് കൂടുതൽ പേർ ഒമാനിലേക്ക് തിരിച്ചത്.
ശനി മുതൽ തിങ്കൾ വരെയാണ് ദേശീയ ദിന അവധി. ഇതിൽ വാരാന്ത്യവും ഉൾപ്പെടും. അവധി ദിവസം കൂടുതലാണെങ്കിൽ പലരും ഇതുപുയോഗപ്പെടുത്തി നാട്ടിൽ പോവാറുണ്ട്. എന്നാൽ, കുറഞ്ഞ അവധിയായതിനാൽ യു.എ.ഇയിലുള്ളവർക്ക് എത്താനും ചുറ്റിക്കറങ്ങാനും പറ്റിയ ഇടമാണ് മസ്കത്ത്.
ഒമാനിലെ ശാന്ത അന്തരീക്ഷമാണ് പലർക്കും ആകർഷകമാവുന്നത്. ദുബൈയിലെ തിരക്കിൽ നിന്നൊഴിഞ്ഞ് പ്രകൃതിസൗന്ദര്യവും സ്വച്ഛതയും നിറഞ്ഞ ഇടമാണ് ഒമാനെന്ന് യു.എ.ഇ യിൽനിന്നെത്തിയ സന്ദർശകർ പറയുന്നു. ജബൽ അഖ്ദറിലെയും ജബൽ ശംസിലെ തണുത്ത കാലാവസ്ഥയാണ് യു.എ.ഇ യിൽനിന്നെത്തുന്നവർക്ക് ഏറെ ഹരംപകരുന്നത്. ശാന്തമായ ബീച്ചുകളും ചരിത്ര പ്രധാന്യമുള്ള നിരവധി കോട്ടകളും മത്ര കോർണീഷും സൂഖുമൊക്കെ ദുബൈയിൽ നിന്നെത്തുന്നവരെ ഏറെ ആകർഷിക്കുന്നു. നിസ്വയിൽ പുതുതായി ആരംഭിച്ച മ്യൂസിയം സന്ദർശിക്കുന്നവരും നിരവധിയാണ്.
എന്നാൽ, ഒമാനിൽ വരുന്നവരിൽ വലിയ വിഭാഗവും അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുക എന്ന ലക്ഷ്യത്തിലാണെത്തുന്നത്. നേരത്തെ ഒമാനിലുണ്ടായിരുന്ന നിരവധി പേർ ജോലി നഷ്ടപ്പെട്ടപ്പോഴും മെച്ചപ്പെട്ട അവസരങ്ങൾ തേടിയും യു.എ.ഇയിലേക്ക് കടന്നവരാണ്.
ഇത്തരക്കാർ തങ്ങളുടെ ഗതകാല സുഹൃത്തുക്കളെയും സഹ ജീവനക്കാരെയും കാണാനും സൗഹൃദങ്ങൾ പുതുക്കാനുമാണ് സമയം കണ്ടെത്തുന്നത്. പലരും സ്വന്തം വാഹനത്തിൽ വരുന്നതിനാൽ ഒമാനിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ ചുറ്റിക്കാണലും വലിയ ചെലവില്ലാതെ നടക്കും. അതിനാൽ ചെലവ് കുറഞ്ഞ രീതിയിലുള്ള ഏറ്റവും മികച്ച അവധി ആഘോഷമെന്നാണ് ഒമാനിലെത്തുന്ന പലരും വിശേഷിപ്പിക്കുന്നത്.
ഇതോടൊപ്പം യു.എ.ഇയിൽനിന്ന് റോഡ് മാർഗ്ഗം എത്തുന്ന പലരും ഇടത്തരം വരുമാനക്കാരായത് ഒമാനിലെ ചെറുകിട സ്ഥാപനങ്ങൾക്ക് വലിയ അനുഗ്രഹമാകുന്നുണ്ട്. ഇവരിൽ പലരുടെ താമസ ഇടങ്ങൾ ചെറിയ ഹോട്ടലുകളും അപ്പാർട് മെന്റുകളിലുമാണ്. തിങ്കളാഴ്ച മുതൽ ഇവർ മടക്കയാത്ര ആരംഭിക്കും. ഇത് യു.എ.ഇ റോഡിലും അതിർത്തി ചെക് പോസ്റ്റുകളിലും തിരക്ക് വർധിക്കാൻ കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.