മസ്കത്ത്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏകീകൃത ജി.സി.സി വിസ വൈകുമെന്ന് പൈതൃക, ടൂറിസം മന്ത്രി സലീം ബിൻ മുഹമ്മദ് അൽ മഹ്റൂഖി. ശൂറ കൗൺസിലിന്റെ എട്ടാമത്തെ പതിവ് സെഷനിൽ നടന്ന ചർച്ചയിൽ ഏകീകൃത വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
സുരക്ഷ ആശങ്കകളും ജി.സി.സി അംഗരാജ്യങ്ങൾക്കിടയിലെ വ്യത്യസ്ത വീക്ഷണ കോണുകളും കാരണമാണ് ഇത് നടപ്പിലാക്കാൻ സമയമെടുക്കുന്നത്. നിർദ്ദേശം ഇപ്പോഴും ഗവേഷണത്തിലും പഠനത്തിലുമാണ്. 2023ൽ ഔദ്യോഗികമായി അംഗീകരിച്ച ഈ സംരംഭം ജി.സി.സിയിലുടനീളമുള്ള യാത്ര ലളിതമാക്കി ടൂറിസം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, അതിന്റെ യാഥാർഥ്യം ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്നും മഹ്റൂഖി ചൂണ്ടിക്കാട്ടി.
അതേസമയം, ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കുമെന്ന് കഴിഞ്ഞവർഷം ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങി ആറു രാജ്യങ്ങളിലെ താമസക്കാർക്കും പൗരന്മാർക്കും 30 ദിവസത്തിലധികം യാത്ര ചെയ്യാൻ അനുവദിക്കുന്ന വിസ ‘ജി.സി.സി ഗ്രാൻഡ് ടൂർസ്’ എന്ന് പേരിലായിരിക്കും അറിയുക.
മൾട്ടി എൻട്രി അനുവദിക്കുന്നതായിരിക്കും വിസ. വിസ പ്രാബല്യത്തിൽ വരുന്നതോടെ ജി.സി.സി രാജ്യങ്ങളിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ കൂടുതൽ ആകർഷിക്കും. ഗൾഫ് രാജ്യങ്ങൾ വലിയ ടൂറിസ്റ്റ് ഓപ്പറേറ്റർമാരുമായും കമ്പനികളുമായും ചേർന്ന് മുഴുവൻ പ്രദേശത്തിനും അനുഗുണമായ പാക്കേജുകൾ പുറത്തിറക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.
ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും സുരക്ഷയും സാങ്കേതികവുമായ ആശങ്കകൾ കാരണം ശ്രദ്ധാപൂർവ്വം പരിഗണിച്ചായിരിക്കും ഇവ നടപ്പിൽ വരികയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ജി.സി.സി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്തുപകരുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ആഭ്യന്തരമന്ത്രിമാർ 2023 നവംബറിലാണ് അംഗീകാരം നൽകിയത്. മസ്കത്തിൽ ചേർന്ന ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ 40ാമത് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
ചെങ്കൻ വിസ മോഡലിൽ ഒരു വിസ കൊണ്ട് മറ്റു എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി. നിലവിൽ ജി.സി.സി പൗരന്മാർക്ക് ആറു രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാൻ കഴിയും. എന്നാൽ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ഓരോ രാജ്യത്തേക്കും പ്രവേശിക്കുന്നതിന് അതാത് രാജ്യങ്ങളുടെ വിസകൾ ആവശ്യമാണ്.
വിസ നടപ്പാക്കുന്നതിന് മുമ്പ് ചില നടപടി ക്രമങ്ങൾ പൂർത്തിയക്കേണ്ടതുണ്ട്. ഇത് സംബന്ധമായ കാര്യങ്ങളിൽ വരും ദിവസങ്ങളിലേ വ്യക്തത വരികയൊള്ളു. ജി.സി.സി രാജ്യങ്ങളിലെ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം മൊത്തം വിനോദ സഞ്ചാരികളുടെ 29.7 ശതമാനമാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 2021നെക്കാൾ 98.8 ശതമാനം വർധനവ് കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്.
2023 -30 കാലത്തെ ഗൾഫ് ടൂറിസം നയം അനുസരിച്ച് 2030 വരെ ഓരോ വർഷവും വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഏഴു ശതമാനം വർധന ആവശ്യമാണ്. വിനോദ സഞ്ചാരികൾ ചെലവഴിക്കുന്നത് എട്ടു ശതമാനമായും ജി.സി.സി പൗരന്മാരും താമസക്കാരും ചെലവഴിക്കുന്നത് 2.4 ശതമാനമായും ഉയരണം. ജി.സി.സി രാജ്യങ്ങൾക്കിടയിൽ സഹകരണവും വിനോദ സഞ്ചാര വികസന പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും, ഇതിനാൽ പൊതു പദ്ധതികൾ സമയ ബന്ധിതമായി നടപ്പാക്കണമെന്നും നേരത്തെ നടന്ന വിനോദ സഞ്ചാര മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.