മസ്കത്ത്: സലാലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ മനംകവർന്ന് വാദീ ദർബാത്ത്. ഖരീഫ് സീസണിൽ സലാലയിലെത്തുന്നവരെല്ലാം വാദീ ദർബാത്ത് സന്ദർശിക്കും. സീസണിൽ ആയിരക്കണക്കിന് സന്ദർശകരാണെത്തുന്നത്. വെള്ളച്ചാട്ടങ്ങങ്ങളും അരുവികളും നീരൊഴുക്കും തടാകങ്ങളുമൊക്കെയായി രൂപംമാറുന്ന വാദീ ദർബാത്ത് സന്ദർശകരെ ഹരംകൊള്ളിക്കുന്നു. ഗൾഫ് മേഖല കൊടുംചൂടിൽ തിളക്കുമ്പോൾ ദർബാത്തിലെ വെള്ളച്ചാട്ടങ്ങളും അരുവികളും എന്തിനേറെ ബോട്ട് യാത്രയുമൊക്കെ അനുഭവിച്ചാസ്വദിക്കൻ ഒമാനു പുറമെ മറ്റു ഗൾഫ് നാടുകളിൽനിന്നും നിരവധി സഞ്ചാരികൾ എത്തുന്നു.
സലാലയിൽനിന്ന് 45 മിനിറ്റ് സാദ-മിർബാത്ത് റോഡിൽ യാത്ര ചെയ്താൽ ദർബാത്തിലെത്താം. ദർബാത്തിലേക്ക് തിരിയുന്ന റോഡുകൾ വീതി കുറഞ്ഞതും ഇടുങ്ങിയതുമാണ്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാനുള്ള സൗകര്യമാണുള്ളത്. അതിനാൽ റോഡിൽ കാണിക്കുന്ന ചെറിയ നിയമലംഘനം പോലും വൻ ഗതാഗതക്കുരുക്കിന് കാരണമാകും. റോഡിന്റെ വശങ്ങളിൽ പലയിടത്തും കാണുന്ന ചെങ്കുത്തായ പാറക്കെട്ടുകൾ അപകടം പതിയിരിക്കുന്നതാണ്. കുന്നുകളുടെയും പർവതങ്ങളുടെയും പച്ചപ്പും താഴ്വരകളുടെ മനോഹാരിതയും ആസ്വദിക്കാൻ മലമുകളിൽ വിവിധ ഇടങ്ങളിൽ വ്യൂ പോയന്റുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, യാത്ര ചെയ്യുന്നവർ സലാലയിൽനിന്ന് ഭക്ഷണം കഴിച്ച് പോകുന്നതോ കരുതുന്നതോ നല്ലതാണ്. ഹോട്ടലുകളും റസ്റ്റാറന്റുകളും താരതമ്യേന കുറവാണ്. എന്നാലും ദർബാത്ത് തുടങ്ങുന്നയിടത്തും ബോട്ടുജെട്ടിക്ക് സമീപത്തും ഹോട്ടലുകൾ ഉണ്ട്. ദർബാത്തിലെത്തുന്നർക്കായി നിരവധി ഹരിത കാഴ്ചകളാണ് പ്രകൃതി ഒരുക്കിയത്. പച്ചപിടിച്ച താഴ്വരകൾ സന്ദർശകരുടെ മനംകവരും. ഈ താഴ്വരകളിൽ കന്നുകാലികൾ മേഞ്ഞുനടക്കുന്നതും പക്ഷികൾ പാറിക്കളിക്കുന്നതും കാണാം. ഖരീഫ് സീസണിൽ നിരവധി ദേശാടന പക്ഷികളും ഇവിടെ എത്താറുണ്ട്. മലമുകളിൽനിന്ന് മഴക്കാലത്ത് ഒഴുകിവരുന്ന വെള്ളമാണ് വാദിയായി രൂപാന്തരപ്പെടുന്നത്. മലകയറി പോകാമെങ്കിലും അപകടം നിറഞ്ഞതിനാൽ മുൻകരുതലുകൾ ആവശ്യമാണ്.
ദർബാത്തിൽ നിരവധി ഗുഹകളുമുണ്ട്. ഇത്തരം ഗുഹകളിൽ പഴയകാല മനുഷ്യവാസത്തിന്റെ തെളിവായി നിരവധി ചിത്രങ്ങളും കാണാം. ചരിത്രാന്വേഷികൾ ഖരീഫ് സീസണിനുശേഷം ഗുഹകൾ സന്ദർശിക്കുന്നതാണ് നല്ലത്.
ദർബാത്തിന്റെ ഹൃദയം വാദീ ദർബാത്താണ്. പല ഭാഗത്തുമുള്ള മനോഹരമായ വെള്ളച്ചാട്ടങ്ങൾ കൗതുക കാഴ്ചകൾ തന്നെയാണ്.
100 അടിയിലധികം ഉയരത്തിൽനിന്ന് നുരപതപ്പിച്ച് ഒഴുകുന്ന വെള്ളച്ചാട്ടമാണ് ദർബാത്തിന്റെ മനോഹാരിതക്ക് മാറ്റുകൂട്ടുന്നത്. ഈ വെള്ളച്ചാട്ടം അരുവിയും തടാകങ്ങളുമായി രൂപംമാറുന്നു. മിർബാത്ത് തടാകത്തിലെ ബോട്ട് യാത്രയാണ് സന്ദർശകർക്ക് മുഖ്യ ആകർഷണം. കുറഞ്ഞ ആളുകൾക്ക് കയറാൻ പറ്റുന്ന ചെറുതോണികളും ഇവിടെയുണ്ട്. ഇവ ചുരുങ്ങിയ വാടകക്ക് ലഭ്യമാണ്.
20 മിനിറ്റ് നേരത്തേക്കാണ് തോണികൾ ലഭിക്കുന്നത്. 15 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബോട്ടും ഇവിടെയുണ്ട്. ഭക്ഷണം പാകംചെയ്യാനും ബാർബിക്യൂവിനുമൊക്കെയുള്ള സൗകര്യം ഈ ബോട്ടിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.