മസ്കത്ത്: ഒമാന്റെ മനോഹര പ്രകൃതി ദൃശ്യങ്ങൾ കോർത്തിണക്കിയ ‘നിറങ്ങളുടെ തരംഗം’ (വേവ്സ് ഓഫ് കളേഴ്സ്) ചിത്ര പ്രദർശനത്തിന് ഒമാൻ അവന്യൂസ് മാളിൽ തുടക്കമായി. ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽ എം.ഡിയും ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ ബോർഡിലെ വിദേശ പ്രതിനിധിയുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഉദ്ഘാടനം ചെയ്തു.
രമ ശിവകുമാർ ക്യൂറേറ്ററായ ചിത്രപ്രദർശനത്തിൽ ഐഷ ദോഷാനി, റെജി ചാണ്ടി, മിന റാസ്സി, മെഹ്റാൻ, നീതു ചാബ്രിയ, പാറുൽ ബി റസ്ദാൻ, മുഹമ്മദ് റാഫി, അജയൻ പൊയ്യാറ, കൃഷ്ണ ശ്യാം, കവിത വടപ്പള്ളി, റേച്ചൽ ഈപ്പൻ, സിമ്രാൻ, സുദാൻവി റായ്, രാധാകൃഷ്ണൻ, രമ ശിവകുമാർ, അനുരാധ ഷാൻബാഗ്, നിസ്സി നെഹ്റൻ, മൈക്കൽ നെറോല, എം. ഹാർട്ട്സ് എന്നീ 19 കലാകാരന്മാരുടെ 50 ഓളം ചിത്രങ്ങളും ശിൽപങ്ങളുമാണ് പ്രദർശനത്തിലുള്ളത്.
ഒമാനിലെ പ്രകൃതിദത്തമായ അരുവികൾ, വെള്ളച്ചാട്ടങ്ങൾ, പർവതങ്ങൾ എന്നിവയ്ക്കു പുറമെ തനത് പാരമ്പര്യങ്ങളിലേക്കും ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് ചിത്രപ്രദർശനം. പ്രകൃതി സംരക്ഷണ അവബോധം സൃഷ്ടിക്കാൻകൂടി ലക്ഷ്യമിട്ടാണ് ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റർ രമ ശിവകുമാർ പറഞ്ഞു.
ഒമാനിലെ ഒരുകൂട്ടം കലാകാരന്മാരുടെ അനുഭവം, ഭാവന, കഴിവ് ഇവ ഒന്നുചേരുന്ന ചിത്രപ്രദർശനം ഒമാൻ എന്ന സുന്ദര ദേശത്തെ കൂടുതൽ അറിയുവാനും ആസ്വദിക്കാനും ആസ്വാദകനെ പ്രേരിപ്പിക്കുന്നു എന്നിടത്താണ് വേവ്സ് ഓഫ് കളേഴ്സ് വ്യത്യസ്തമാകുന്നതെന്ന് അബ്ദുൽ ലത്തീഫ് ഉപ്പള പറഞ്ഞു.
പ്രദർശനം ശനിയാഴ്ച സമാപിക്കും. രാവിലെ എട്ട് മണി മുതൽ രാത്രി പതിനൊന്നു മണിവരെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.