മസ്കത്ത്: ഈവർഷത്തെ ഗോതമ്പ് വിളവെടുപ്പിന് ദോഫാർ ഗവർണറേറ്റിൽ തുടക്കമായി. തുംറൈത്ത് വിലായത്തിലെ നജ്ദ് മേഖലയിലെ 5,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 81 ഫാമുകളിൽനിന്നാണ് ഈ സീസണിലെ ഗോതമ്പ് വിളവെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ഏകദേശം 6,000 ടൺ ഗോതമ്പിന്റെ ഉൽപാദനമാണ് ഈവർഷം പ്രതീക്ഷിക്കുന്നതെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. പുതിയ കൃഷിരീതികൾ സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി നജ്ദ് മേഖലയിൽ ഗോതമ്പ് കൃഷിയുടെ വിസ്തൃതി അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 1500 ടണ്ണിലധികം ഗോതമ്പാണ് കഴിഞ്ഞ സീസണിൽ ലഭിച്ചത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ടണ്ണിലധികം വർധനവാണ് കഴിഞ്ഞ സീസണിലുണ്ടായത്.
വെള്ളത്തിന്റെ ലഭ്യത, മണ്ണിന്റെ ഗുണനിലവാരം, അനുയോജ്യമായ കാലാവസ്ഥ തുടങ്ങിയ അനുകൂല ഘടകങ്ങളാൽ നജ്ദ് പ്രദേശം ഗോതമ്പുകൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. മെച്ചപ്പെട്ട വിത്തുകൾ, മാർഗനിർദേശം, ദിശാബോധം, വിളവെടുപ്പ് സേവനങ്ങൾ എന്നിവ നൽകി ഒമാനി ഗോതമ്പുകൃഷി ഉൾപ്പെടെ വിവിധ കാർഷിക വിളകളുടെ കൃഷി നിലനിർത്താൻ മന്ത്രാലയം കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2022-2023 വിളവെടുപ്പ് സീസണിൽ ഒമാനി കർഷകരിൽനിന്ന് ഗോതമ്പ് വാങ്ങുന്നതിന് ഒമാൻ ഫ്ലോർ മിൽസ് കമ്പനിയുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം കരാർ ഒപ്പിട്ടിട്ടുണ്ട്.
കരാർ പ്രകാരം, മന്ത്രാലയം ഒമാനി കർഷകരിൽനിന്ന് ഒരു ടൺ ഗോതമ്പ് 500 റിയാലിന് വാങ്ങും. ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും കർഷകരെ സഹായിക്കാനുമാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. നിരവധി അന്താരാഷ്ട്ര, പ്രാദേശിക, സംഘടനകളുമായും ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ച് ഗോതമ്പ് വിളയുടെ ഉൽപാദനം വർധിപ്പിക്കുന്നതിന് മന്ത്രാലയം വളരെയധികം ശ്രദ്ധ ചെലുത്തുകയും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2020-21 കാർഷിക സീസണിൽ ഒമാൻ 2,649 ടൺ ഗോതമ്പാണ് ഉൽപാദിപ്പിച്ചത്., 2019-20 സീസണിനെ അപേക്ഷിച്ച് 19.6 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. 2,449 ഏക്കറിലാണ് ഗോതമ്പ് കൃഷി ചെയ്യുന്നത്. കർഷകരുടെ എണ്ണം 5.5 ശതമാനം വർധിച്ച് 2020-21ൽ 3,067എത്തിയെന്നും മന്ത്രാലയം അറിയിച്ചു.
ദാഖിലിയ്യ ഗവർണറേറ്റിലാണ് ഒമാനിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കൃഷി നടക്കുന്നത്. 1,109 ഏക്കർ സ്ഥലത്താണ് ഗവർണറേറ്റിൽ കൃഷി നടക്കുന്നത്. ഇത് രാജ്യത്തെ മൊത്തം ഗോതമ്പ് കൃഷിഭൂമിയുടെ 45 ശതമാനമാണ്. ഗോതമ്പ് ഉൽപാദനത്തിലും ദാഖിലിയ്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 1,465 ടൺ ഗോതമ്പാണ് ദാഖിലിയയിൽ കഴിഞ്ഞ സീസണിൽ ഉൽപാദിപ്പിച്ചത്. ഇത് ഒമാനിലെ മൊത്തം ഗോതമ്പ് ഉൽപാദനത്തിന്റെ 55 ശതമാനമാണ്. എന്നാൽ, ഒമാനിൽ പ്രാദേശികമായി കൃഷിചെയ്യുന്ന ഗോതമ്പ് രാജ്യത്തിന്റെ ആഭ്യന്തര ആവശ്യങ്ങൾക്ക് തികയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.