സുഹാർ: ഈവർഷം ഒമാനിൽ ചില ഭാഗങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടെങ്കിലും നീളാഞ്ഞത് ഈ സീസണിൽ പ്രതീക്ഷയർപ്പിച്ച് സാധനങ്ങൾ ഇറക്കിയ കച്ചവടക്കാരെ നിരാശയിലാഴ്ത്തി. സീസൺ മുന്നിൽ കണ്ട് തണുപ്പകറ്റാൻ വേണ്ടുന്ന സാധനങ്ങൾ സ്റ്റോക്ക് ചെയ്തവർക്ക് വേണ്ടത്ര കച്ചവടം കിട്ടിയില്ലെന്ന് വ്യാപാരികർ പറഞ്ഞു. റൂം ഹീറ്റർ, പുതപ്പ്, സ്വെറ്റർ, തൊപ്പി, കാലുറകൾ എന്നിങ്ങനെ നിരവധി സാധനങ്ങളാണ് തണുപ്പുകാലത്ത് വിൽപന നടത്തുന്നത്. ഇതിനൊന്നും വേണ്ടത്ര ആവശ്യക്കാരുണ്ടായില്ലെന്ന് സുഹാർ സൂക്കിലെ കച്ചവടക്കാരൻ തലശ്ശേരി സ്വദേശി മഷൂദ് പറഞ്ഞു. ഒമാനിൽ പഴയ കാലങ്ങളിൽ വിന്റർ സീസണിൽ മൂന്നു മാസമെങ്കിലും എയർകണ്ടീഷൻ ഉപയോഗിക്കാൻ ആവുമായിരുന്നില്ല. അത്രയും തണുപ്പ് ഉണ്ടാകും. ഇപ്പോൾ ഒരു ദിവസം പോലും എയർകണ്ടീഷനോ ഫാനോ ഉപയോഗിക്കാതെ ഉറങ്ങാൻ കഴിയുന്നില്ലെന്ന് പഴയകാല പ്രവാസിയായ സത്യൻ പറയുന്നു.
ഇവിടെ വിന്റർ സീസൺ കഴിയുമ്പോഴാണ് മറ്റു രാജ്യങ്ങളിൽ തണുപ്പ് സീസൺ ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടിലേക്ക് പോകുന്നവർ തണുപ്പ് കാലത്തേക്കുള്ള വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാങ്ങിക്കൊണ്ടുപോകുക പതിവായിരുന്നു. ഒമിക്രോൺ വ്യാപനം മൂലം പലരും അവധിക്ക് നാട്ടിലേക്ക് പോകുന്നത് മാറ്റിവെച്ചിരിക്കുകയാണ്. ഇതും കച്ചവടത്തിന് മങ്ങലേൽപ്പിച്ചു. ചില വിദേശികൾ നാട്ടിലേക്ക് കമ്പിളി കൊണ്ടുപോകുന്നുണ്ടെന്ന് സീബ് സൂക്കിൽ കച്ചവടം ചെയ്യുന്ന തിരൂർ സ്വദേശി മുസ്തഫ പറയുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലേക്ക് പോകുന്നവരാണ് കൂടുതലും ജാക്കറ്റുകൾ, സ്വെറ്റർ എന്നിവ കൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വലിയ മാളുകളിലും വസ്ത്ര സ്ഥലങ്ങളിലും വിജന്റർ സമ്മർ സൈലുകൾ നടക്കാറുണ്ട്. പക്ഷേ, വലിയ തിരക്ക് അനുഭവപ്പെടുന്നില്ല എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.