മസ്കത്ത്: യമനിലെ സൈനിക സംഘർഷം വർധിക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഒമാൻ. സംഘർഷത്തിന്റെ ഫലമായുണ്ടായ ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങളും സാധാരണക്കാരുടെ മരണങ്ങളും മന്ത്രാലയം എടുത്തുകാട്ടി. യമൻ ജനതയുടെ ദുരിതം വർധിപ്പിക്കുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന തുടർച്ചയായ സൈനിക നടപടികളിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
സംവാദത്തിലൂടെയും ചർച്ചകളിലൂടെയും സമാധാനപരമായ പരിഹാരങ്ങൾ തേടണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യമനിൽ കഴിഞ്ഞ ദിവസം നടന്ന യു.എസ് സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗസ്സ മുനമ്പിലേക്കുള്ള സഹായം തടഞ്ഞുള്ള പൂർണ ഉപരോധം നീക്കിയില്ലെങ്കിൽ ചെങ്കടലിൽ ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് നേരെ ആക്രമണം പുരാരംഭിക്കുമെന്ന് യമനിലെ ഹൂതി സേന ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് കടുത്ത ആക്രമണങ്ങൾ.
മിസൈലുകൾ, റഡാറുകൾ, ഡ്രോണുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ഹൂതി കേന്ദ്രങ്ങൾ യു.എസ് വ്യോമ-നാവിക സേന ആക്രമിച്ചതായി ഒരു യു.എസ് ഉദ്യോഗസ്ഥൻ എ.ബി.സി ന്യൂസിനോട് പറഞ്ഞു. ഹൂതികൾക്കെതിരായ പ്രാരംഭ ആക്രമണം മാത്രമാണിതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വ്യോമാക്രമണങ്ങൾ ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച് ഞായറാഴ്ച രാവിലെ വരെ തുടർന്നുവെന്നും 40ഓളം തവണ ബോംബിങ് നടത്തിയെന്നുമാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.