ദോഹ: ബൂസ്റ്റർ ഡോസ് വാക്സിന്റെ കാലാവധി 12 മാസമായി ദീർഘിപ്പിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. കോവിഡ് മുക്തി നേടിയവരുടെ പ്രതിരോധശേഷിയുടെ കാലാവധിയും 12 മാസമായി കണക്കാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെയും കോവിഡ് മുക്തരുടെയും രോഗപ്രതിരോധ ശേഷി ഒമ്പതിൽനിന്നും 12 മാസമായി വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ ഒമ്പതു മാസംവരെ രോഗപ്രതിരോധശേഷിയുണ്ടാകുമെന്നായിരുന്നു വിശദീകരിച്ചത്.
കോവിഡ് സംബന്ധിച്ച് നിരന്തരമായി പഠനങ്ങളും പുതിയ ഗവേഷണങ്ങളും തുടരുന്നതായും ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങളെന്നും അധികൃതർ വിശദീകരിച്ചു.
രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് ആറു മാസം കഴിയുന്നതോടെ രോഗപ്രതിരോധശേഷി കുറഞ്ഞുതുടങ്ങുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
അതുകൊണ്ട് ആറു മാസം കഴിയുന്നതോടെ ഇവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അർഹരായി മാറും.
ഒമ്പതു മാസം കഴിഞ്ഞാൽ രോഗപ്രതിരോധശേഷി കുറയുകയും ഇഹ്തിറാസിലെ കോവിഡ് വാക്സിൻ സ്റ്റാറ്റസ് നഷ്ടമാവുകയും ചെയ്യുമെന്നാണ് നിലവിലെ നടപടികൾ. 12 വയസ്സു കഴിഞ്ഞ എല്ലാവർക്കും രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ടവരാണെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.