2020-ഓടെ ഖത്തറില്‍ ആയിരം പുതിയ സ്കൂളുകള്‍ വരും

ദോഹ: 2020-ഓടെ ഖത്തറിലെ പൊതു-സ്വകാര്യ മേഖലയില്‍ ആയിരം പുതിയ സ്കൂളുകള്‍ നിര്‍മിക്കുമെന്ന് ദക്ഷിണേഷ്യയിലെ പ്രമുഖ ധനകാര്യ കണ്‍സള്‍ട്ടിങ് കമ്പനിയായ ആല്‍ഫിന്‍ ക്യാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലുള്ള വിദ്യാലയങ്ങളുടെ അപര്യാപ്തത കണക്കിലെടുത്ത് നാലുവര്‍ഷത്തിനകം ഗള്‍ഫ് മേഖലയിലെ പൊതു-സ്വകാര്യ മേഖലയില്‍ ഒട്ടാകെ 50,000 സ്കൂളുകളും നിര്‍മിക്കും. അന്താരാഷ്ട്ര പൊതു-സ്വകാര്യ സ്കൂള്‍സ് എജുക്കേഷന്‍ ഫോറം (ഐ.പി.എസ്.ഇ.എഫ്) മിഡില്‍ ഈസ്റ്റ് കൂട്ടായ്മയുടെ സ്ഥാപകരാണ് ആല്‍ഫിന്‍ ക്യാപിറ്റല്‍.
2020ഓടെ ജി.സി.സി പൊതുമേഖലയില്‍ നിര്‍മിക്കുന്ന ആകെ സ്കൂളുകളുടെ എണ്ണം 41,678 ഉം, സ്വകാര്യമേഖലയില്‍ 9,301 സ്കൂളുകളുമായിരിക്കും. സൗദി അറേബ്യയിലായിരിക്കും ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ സ്ഥാപിക്കുക. ഇവിടെ 44,441 സ്കൂളുകളും, ഒമാനില്‍ 2,054 സ്കൂളും കുവൈത്തില്‍ 1,497 സ്കൂളും യു.എ.ഇയില്‍ 1,406 സ്കൂളും ഖത്തറില്‍ 1,107ഉം, ബഹ്റൈനില്‍ 503 സ്കൂളുമാണ് നിലവില്‍ വരികയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2020-ഓടെ ഈ രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം ഒന്നരകോടിയോളം വരുമെന്നും ഇവരെ ഉള്‍ക്കൊള്ളിക്കാനായാണ് ഇത്രയും വിദ്യാലയങ്ങളെന്നും  ഐ.പി.എസ്.ഇ.എഫ് സഹ സ്ഥാപക റോണ ഗ്രീന്‍ഹില്‍ പറഞ്ഞു. മേഖലയിലെ വിദ്യാര്‍ഥി-സ്കൂള്‍ അനുപാതം കണക്കാക്കിയാല്‍ ഏഴായിരം സ്കൂളുകള്‍ കൂടി നിലവിലെ സാഹചര്യത്തില്‍ ആവശ്യമാണ്.
 ജി.സി.സി രാജ്യങ്ങളിലൊട്ടാകെ കഴിഞ്ഞവര്‍ഷതൊട്ട് 5000 കോടി യു.എസ് ഡോളറിന്‍െറ സ്കൂള്‍ നിര്‍മാണ പദ്ധതികളാണ് പുരോഗതിയിലുള്ളതെന്ന് ജി.സി.സി എജുക്കേഷന്‍ കണ്‍സ്ട്രക്ഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
വിദ്യാഭ്യാസ വിപണി ലക്ഷ്യമാക്കി തന്ത്രപരമായ ദീര്‍ഘകാല പദ്ധതികളാണ് സ്വകാര്യമേഖലയിലെയും പൊതുമേഖലയിലെയും വിവിധ അന്താരാഷ്ട്ര  സ്ഥാപനങ്ങള്‍ തയാറാക്കി വരുന്നത്. വന്‍ ബജറ്റ് ഈ മേഖലക്കായി നീക്കിയിരിപ്പ് നടത്തുന്നതോടൊപ്പം അന്താരാഷ്ട്ര കമ്പനികള്‍ക്കും ഇത് നല്ളൊരവസരമാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.