ദോഹ: ആകാശത്ത് 35,000 അടി ഉയരത്തിലൊരു തത്സമയ വാർത്ത സമ്മേളനം നടത്താനൊക്കുമോ?. മിന്നൽവേഗത്തിൽ പറക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരും മാധ്യമപ്രവർത്തകരുമായും സംവദിച്ചുകൊണ്ട് ടീമംഗങ്ങളുടെ ആശയവിനിമം.
ഫ്രഞ്ച് ഫുട്ബാൾ വമ്പന്മാരായ പി.എസ്.ജിയാണ് ഇത്തരത്തിൽ വാർത്തസമ്മേളനം നടത്തി ചരിത്രത്തിലേക്ക് പറന്നത്. ഞായറാഴ്ച ഖത്തറിൽ നടക്കുന്ന വിസിറ്റ് ഖത്തർ ട്രോഫി ഡെസ് ചാമ്പ്യൻസ് (ഫ്രഞ്ച് സൂപ്പർ) മത്സരത്തിനായി ദോഹയിലേക്ക് പറക്കുമ്പോഴായിരുന്നു വിമാനത്തിനുള്ളിൽ തങ്ങളുടെ തത്സമയ വാർത്തസമ്മേളനം സംഘടിപ്പിച്ചത്.
സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ടെക്നോളജി ഉപയോഗിച്ച് ഖത്തർ എയർവേസ് നൽകുന്ന അതിവേഗ വൈ-ഫൈ കണക്ടിവിറ്റിയിലൂടെയാണ് ലോകമെമ്പാടുമുള്ള ആരാധകർക്ക് അവിശ്വസനീയ അനുഭവം സമ്മാനിച്ച് ടീം അംഗങ്ങൾ സംവദിച്ചത്. ആരാധകർക്ക് വിസിറ്റ് ഖത്തർ, ഖത്തർ ടൂർ 2025, വിസിറ്റ് ഖത്തർ അവതരിപ്പിക്കുന്ന ട്രോഫി ഡെസ് ചാമ്പ്യൻസ് എന്നിവ സംബന്ധിച്ചുള്ള പ്രത്യേക വിവരണവും വാർത്തസമ്മേളനത്തിലൂടെ നൽകി.
പി.എസ്.ജി ക്യാപ്റ്റൻ മാർക്വിനോസ്, പരിശീലകൻ ലൂയിസ് എന്റിക്വ എന്നിവർ പങ്കെടുത്ത വാർത്തസമ്മേളനത്തിൽ തിരഞ്ഞെടുത്ത മാധ്യമ പ്രവർത്തകരും ഭാഗമായി. സ്പോർട്സ് ബ്രോഡ്കാസ്റ്റിങ് രംഗത്ത് പുതുമ നിറഞ്ഞ സംഭവമായാണ് പി.എസ്.ജിയുടെ വിമാനത്തിനകത്തെ മാധ്യമസമ്മേളനത്തെ കണക്കാക്കുന്നത്. സ്റ്റാർലിങ്കിന്റെ ലോ-എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് നെറ്റ് വർക്കാണ് ആകാശത്ത് അതിവേഗ, ലോ ലേറ്റൻസി ഇന്റർനെറ്റ് സാധ്യമാക്കുന്നത്.
2024ൽ സ്കൈ ട്രാക്സിന്റെ ഏറ്റവും മികച്ച എയർലൈനായി തിരഞ്ഞെടുക്കപ്പെട്ട ഖത്തർ എയർവേസ്, ഈ നൂതന സാങ്കേതികവിദ്യ നൽകുന്ന മിന മേഖലയിലെ ആദ്യ കമ്പനിയാണ്. ഈ വർഷം അവസാനത്തോടെ 14 ബോയിങ് 777 വിമാനങ്ങളിൽ ഈ സേവനം ലഭ്യമാക്കുമെന്നും, അടുത്ത വർഷം മേയിൽ 60 വിമാനങ്ങളിലും ശേഷം മുഴുവൻ വിമാനങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്നും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഈ വർഷം വേനലവധിക്കാലത്ത് എയർബസ് എ 350 വിമാനങ്ങളിലും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് ഖത്തർ എയർവേസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.