ദോഹ: ഭൂമിയേക്കാൾ പ്രായമുണ്ടെന്ന് വിശ്വസിക്കുന്ന കല്ല്. പ്രപഞ്ചത്തിന്റെയും സൗരയൂഥത്തിന്റെയുമെല്ലാം ചരിത്രം പറയാൻ മാത്രം ശതകോടി കാലപ്പഴക്കമുള്ള കല്ലുകൾ കൺമുന്നിലെത്തിയാൽ വിശ്വസിക്കാനാവുമോ...?
എങ്കിൽ അങ്ങനെയുള്ള അത്യപൂർവ കാഴ്ചകളുമായി ഒരു പ്രദർശനത്തിന് വേദിയൊരുക്കുകയാണ് കതാറ കൾചറൽ വില്ലേജ്. ഉൽക്കയിൽനിന്നുള്ള കല്ലുകളും ദശലക്ഷം മുമ്പത്തെ അഗ്നിപർവതത്തിൽനിന്നും തെറിച്ച ലാവ രൂപപ്പെടുത്തിയതുമായ പ്രകൃതി വിസ്മയം തീർത്ത കല്ലുകളുടെ ഒരു അപൂർവ പ്രദർശനം.
‘ഡിവൈൻ ക്രിയേറ്റിവിറ്റി’ എന്ന പേരിലാണ് കഥകളും കൗതുകവും പകരുന്ന 106 വ്യത്യസ്തമായ കല്ലുകളുമായി കതാറ കാഴ്ചക്കാരെ വിളിക്കുന്നത്. കതാറയിലെ ബില്‍ഡിങ് 47ൽ ആരംഭിച്ച പ്രദർശനം ജനുവരി 27ന് അവസാനിക്കും. ശാസ്ത്രീയമായ സംസ്കരിച്ച് സൂക്ഷിച്ച ഇവക്കൊപ്പം അവയുടെ കാഴ്ചകൾ കലാകാരന്മാരിൽ പകർന്ന ഭാവന ചിത്രങ്ങളായി പകർത്തിയും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കല്ലിലെ നിറങ്ങളും രൂപങ്ങളും കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു. വെളിച്ച ക്രമീകരണങ്ങളിലൂടെ കല്ലും കാഴ്ചക്കാരനും വ്യത്യസ്തമായ തലങ്ങളിൽ ആശയവിനിമയം നടത്തുന്ന വിധത്തിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. 106 കല്ലുകൾ പ്രത്യേക ചില്ലുകൂടുകളിൽ രണ്ട് മുറികളിലായി പ്രദർശിപ്പിക്കുന്നു.
ഒരോ കല്ലിനും സമീപത്തായി വിശദാംശങ്ങൾക്കൊപ്പം മുകളിൽ ഭാവനാത്മക ചിത്രങ്ങൾ കാൻവാസിലും പകർത്തിയിരിക്കുന്നു. ലോകത്തുതന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് കതാറ കള്‍ചറല്‍ വില്ലേജ് ഫൗണ്ടേഷന് ഡയറക്ടര്‍ ജനറല്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈതി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ കലാകാരന്മാരും വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.