ദോഹ: കൂടുതല്‍ ആളുകള്‍ അവധിക്കായി നാട്ടിലേക്ക് യാത്രചെയ്യുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിമാന ടിക്കറ്റിന്റെ മറവില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെ കാമ്പയിനുമായി കൾചറൽ ഫോറം. പതിറ്റാണ്ടുകളായി തുടരുന്ന വിമാനക്കൊള്ള എത്രയും പെട്ടെന്ന് അവസാനിപ്പിക്കുംവിധം നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ‘ഉയർന്ന വിമാനയാത്രനിരക്ക് നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക, പ്രവാസി ചൂഷണം അവസാനിപ്പിക്കുക’ കൾചറൽ ഫോറം കാമ്പയിന് ആരംഭിച്ചു.
കൂടുതൽ യാത്രക്കാരുള്ള സീസണുകളിൽ സാധാരണ വിമാനക്കൂലിയേക്കാൾ മൂന്നും നാലും ഇരട്ടി ചാർജ് ഈടാക്കുന്നത് പകൽക്കൊള്ളയാണ്. സാധാരണ പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും ഞെക്കിപ്പിഴിയുന്ന വിമാനക്കമ്പനികളുടെ നിലപാട് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന നീതിയുടെയും അവസര സമത്വത്തിന്റെയും നിഷേധമാണ്. ഇത് പരിഹരിക്കാൻ ഗൾഫ് സെക്ടറിലേക്കുള്ള വിമാനയാത്രക്കൂലിക്ക് സീലിങ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ മുന്നോട്ടുവരണമെന്ന കാലങ്ങളായുള്ള ആവശ്യമാണ്.
ഇന്ത്യൻ സ്ഥാനപതിമാരും നയതന്ത്ര സ്ഥാപനങ്ങളും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടേണ്ടതായുണ്ട്. ചാർട്ടേഡ് ഫ്ലൈറ്റ് ഉൾപ്പെടെയുള്ള താൽക്കാലികവും അല്ലാത്തതുമായ പ്രായോഗിക പരിഹാരങ്ങൾക്ക് അവർ നേതൃത്വം നൽകാൻ മുന്നോട്ടുവരണം. കാമ്പയിന്റെ ഭാഗമായി ഈ വിഷയങ്ങള്‍ ഉന്നയിച്ച് പ്രവാസി സമൂഹത്തെ അണിനിരത്തി കേന്ദ്ര വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി, നോര്‍ക്ക വൈസ് ചെയര്മാന് തുടങ്ങിയവര്‍ക്ക് മാസ് പെറ്റീഷന് നല്‍കും.
വിവിധ പ്രവാസി സംഘടനകളെയും സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവരെയും ചേര്‍ത്തിരുത്തി പ്രവാസി സഭയും സോഷ്യല്‍ മീഡിയ പ്രചാരണവും സംഘടിപ്പിക്കുമെന്നും കൾചറൽ ഫോറം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.