ദോഹ: അൽഖോർ-ദഖീറ മലിനജല സംസ്കരണ പദ്ധതിയിലെ (എസ്.ടി.ഡബ്ല്യൂ) പ്രധാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഖത്തർ പൊതു മരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. ഖത്തറിന്‍റെ വടക്ക് ഭാഗത്തുള്ള അൽഖോർ, ദഖീറ പ്രദേശങ്ങളിലെ രണ്ട് ലക്ഷത്തിലധികം വരുന്ന താമസക്കാർക്ക് ഉപകാരപ്പെടുന്ന പദ്ധതി പരീക്ഷണഘട്ടത്തിലേക്ക് പ്രവേശിച്ചതായും അശ്ഗാൽ വ്യക്തമാക്കി. അൽഖോർ, ദഖീറ മേഖലയിലെ ഏറ്റവും വലിയ മലിനജല സംസ്കരണ പദ്ധതികളിലൊന്നാണ് ഇതെന്നും പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി കാര്യക്ഷമവും സുസ്ഥിരവുമായ പരിഹാരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അശ്ഗാൽ ഡ്രെയ്നേജ് നെറ്റ്വർക്ക് പ്രോജക്ട്സ് വിഭാഗം മാനേജർ എൻജി. ഖാലിദ് സൈഫ് അൽ ഖയാറീൻ പറഞ്ഞു.
മലിനജല സംസ്കരണത്തിനും സംസ്കരിച്ച ജലത്തിന്റെ പുനരുൽപാദനത്തിനുമായി അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഇത് പദ്ധതിയെ ഉന്നത അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നുവെന്നും ഖാലിദ് സൈഫ് അൽ ഖയാറീൻ കൂട്ടിച്ചേർത്തു.
പദ്ധതി പൂർത്തിയായതോടെ പഴയതും താൽക്കാലികാടിസ്ഥാനത്തിലുള്ളതുമായ മലിനജല സംസ്കരണ പ്ലാൻറുകൾ അടച്ചുപൂട്ടി. ദഖീറയിലെ സംസ്കരണ പ്ലാൻറിന്‍റെ പ്രവർത്തനം 2020 അവസാനത്തോടെ തന്നെ നിർത്തലാക്കിയിരുന്നു. പ്രതിദിനം 56,200 ഘനമീറ്റർ ശേഷിയിലാണ് ന്യൂ അൽഖോർ-ദഖീറ പ്ലാൻറ് നിർമിച്ചിരിക്കുന്നത്.
ജീവശാസ്ത്രപരമായ സംസ്കരണത്തിന് സീക്വൻഷ്യൽ ബാച്ച് റിയാക്ടറുകളും അൾട്രാ ഫിൽട്രേഷൻ, അൾട്രാവയലറ്റ്, ക്ലോറിനേഷൻ സംവിധാനം തുടങ്ങിയ ആധുനിക സംവിധാനങ്ങളാണ് മലിനജല സംസ്കരണത്തിനായി ഉപയോഗിക്കുന്നത്. ഇവിടെനിന്ന് സംസ്കരിക്കപ്പെടുന്ന ജലം മേഖലകളിലെ പാർക്കുകളിലും ഹരിതപ്രദേശങ്ങളിലും ജലസേചനത്തിനായി ഉപയോഗിക്കും. കൂടാതെ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന്‍റെ പ്രധാന വേദികളിലൊന്നായ അൽബെയ്തിലേക്കുള്ള ജലസേചനവും ഇവിടെനിന്നാകും. ദഖീറയിലെ പുതിയ പമ്പിങ് സ്റ്റേഷൻ നിർമാണം, അൽഖോറിലെ നിലവിലെ പമ്പിങ് സ്റ്റേഷൻ വിപുലീകരണം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ഇത് കൂടാതെ 114 കിലോമീറ്റർ നീളത്തിൽ ട്രാൻസ്മിഷൻ പൈപ്പ് ലൈനുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.