ദോഹ: റോഡ് സുരക്ഷയുടെ ഭാഗമായി അൽ ഷമാൽ റോഡിൽ 60 കി.മീ നീളത്തിൽ റോഡരികിൽ ബാരിക്കേഡുകൾ നിർമിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. അതിവേഗം വാഹനങ്ങൾ ചീറിപ്പായുന്ന പാതയായ ഷമാൽ റോഡിൽ വാഹനാപകടത്തിന്റെ വ്യാപ്തി കുറക്കുന്നതിനായാണ് റോഡിന്റെ വശങ്ങളിൽ ശക്തമായ ബാരിക്കേഡുകൾ (വെഹിക്കിൾ റിസ്ട്രെയ്ന്റ് സിസ്റ്റം) നിർമിച്ചത്. കൂടുതൽ വാഹനങ്ങൾ, വേഗത്തിൽ പായുന്ന റോഡിൽനിന്നും ഒരു നിമിഷത്തെ അശ്രദ്ധയിൽ വാഹനങ്ങൾ വഴിതെറ്റിയിറങ്ങിയുണ്ടാകുന്ന അപകടങ്ങളുടെ തീവ്രത കുറക്കാൻ കഴിയുന്നതാണ് വശങ്ങളിലെ നിർമാണങ്ങൾ.
വടക്കൻ മേഖലയിലെ റോഡുകളിലെ നൂറ് കിലോമീറ്റർ ദൂരത്തിൽ ഇത്തരത്തിൽ വശങ്ങളിലെ ബാരിക്കേഡ് നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് അഷ്ഗാൽ ഹൈവേ ഓപറേഷൻ ആൻഡ് മെയിന്റനൻസ് വിഭാഗം മേധാവി എൻജി. അബ്ദുല്ല അൽ അയേഫി പറഞ്ഞു.
നഗരവികസനവും സാമ്പത്തിക മേഖലയിലെ കുതിപ്പും നടത്തുന്ന രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനം എന്ന നിലയിലാണ് റോഡ് ശൃംഖലയുടെ വളർച്ചക്ക് മുഖ്യ പരിഗണന നൽകുന്നത്. അതിന്റെ തുടർച്ചയായാണ് പ്രധാന പാതകൾക്ക് ഇത്തരത്തിലുള്ള സുരക്ഷ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് റോഡ് വശങ്ങളിലെ തടസ്സങ്ങൾ പൂർത്തിയാക്കിയത്. മരുഭൂമിക്ക് നടുവിലൂടെ, രാജ്യത്തെ തിരക്കേറിയ പാതയായി മാറിയ അൽ ഷമാൽ റോഡിലെ പുതിയ നിർമാണങ്ങൾ, അപകട സാഹചര്യങ്ങളിൽ ആഘാതം കുറക്കാനും സുരക്ഷ ഉറപ്പാക്കാനും കഴിയുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.