ദോഹ: 2022ലെ ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ തുമാമ സ്റ്റേഡിയം 20 ദശലക്ഷം അപകടരഹിത തൊഴിൽ മണിക്കൂറുകൾ പിന്നിട്ടു. അതിവേഗം നിർമാണം പുരോഗമിക്കുന്ന സ്റ്റേഡിയം ഇതോടെ ആരോഗ്യ സുരക്ഷാരംഗത്ത് പുതിയ നാഴികക്കല്ല് മറികടന്നു.
ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അൽ ജാബിർ എൻജിനീയറിങ് എൽ.എൽ.സിയും ടെക്ഫെൻ കൺസ്ട്രക്ഷനും അടങ്ങുന്ന സംയുക്ത സംരംഭത്തിനാണ് സ്റ്റേഡിയം നിർമാണത്തിെൻറ കരാർ നൽകിയിരിക്കുന്നത്. ജൂലൈ മാസത്തിൽ അൽ റയ്യാൻ സ്റ്റേഡിയവും ആരോഗ്യ സുരക്ഷാരംഗത്ത് ഇതേ നാഴികക്കല്ല് പിന്നിട്ടിരുന്നു. അൽ തുമാമ മേഖലയിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിനടുത്താണ് തുമാമ സ്റ്റേഡിയം നിർമിക്കുന്നത്. ലോകകപ്പ് ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾക്കായിരിക്കും തുമാമ സ്റ്റേഡിയം വേദിയാവുക. 40,000 പേർക്കുള്ള ഇരിപ്പിടമാണ് സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. അറബ് രാജ്യങ്ങളിലെ പുരുഷന്മാർ നൂറ്റാണ്ടുകളായി ധരിക്കുന്ന ഗഹ്ഫിയ്യ എന്ന പ്രത്യേക തരം തലപ്പാവിെൻറ മാതൃകയിൽ ഖത്തരിയായ ഇബ്രാഹിം എം. ജെയ്ദയാണ് സ്റ്റേഡിയത്തിന് രൂപരേഖ തയാറാക്കിയിരിക്കുന്നത്.
20 ദശലക്ഷം അപകടരഹിത മണിക്കൂറെന്ന നാഴികക്കല്ല് പിന്നിടാനായതിൽ ഏറെ അഭിമാനിക്കുന്നതായി സുപ്രീം കമ്മിറ്റി പ്രോജക്ട് ഡയറക്ടർ എൻജിനീയർ സഈദ് അൽ അൻസാരി പറഞ്ഞു. സ്റ്റേഡിയമുൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയുമാണ് പരമപ്രധാനമെന്നും അതിനാണ് ഏറ്റവും പരിഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2021ൽ നിർമാണം പൂർത്തിയാകുന്ന സ്റ്റേഡിയത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.