ദോഹ: സ്റ്റുഡൻറ്സ് ഇന്ത്യ ഖത്തർ നേതൃത്വത്തിൽ 'അലിഫ്' മെംബേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. 'സ്റ്റാർട്ട് ടുഡേ ഫോർ എ ബെറ്റർ ടുമോറോ' പ്രമേയത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ഒരുക്കിയ മുഴുദിന ക്യാമ്പിൽ ഖത്തറിലെ വിവിധ സ്കൂളുകളിലെ എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ പ്രസിഡൻറ് ഷംസീർ ഇബ്രാഹീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വിദ്യാർഥി മുന്നേറ്റങ്ങളെ കുറിച്ചുള്ള സെഷനിൽ വിദ്യാർഥികളുമായി സംവദിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടിയെടുക്കാൻ വളർന്നുവരുന്ന പുതുതലമുറയോട് നിർദേശിച്ചു.
നജീബ് കാന്തപുരം എം.എൽ.എ ക്യാമ്പിലെ മുഖ്യാതിഥിയായി. ഉയർന്ന വിദ്യാഭ്യാസം നേടുന്നതിലൂടെ രാജ്യത്തിന്റെ മുഖ്യധാരയിലെത്തുകയും രാഷ്ട്രനിർമാണത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്യണമെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. സ്വന്തം മണ്ഡലമായ പെരിന്തൽമണ്ണയിൽ പുതുതായി ആരംഭിച്ച സൗജന്യ സിവിൽ സർവിസ് അക്കാദമിയുടെ സവിശേഷതകളും വിശദാംശങ്ങളും പങ്കുവെച്ചു.
മോട്ടിവേഷനൽ സ്പീക്കർ അനീസ് എടവണ്ണ ക്ലാസെടുത്തു. സ്റ്റുഡൻറ്സ് ഇന്ത്യ പ്രസിഡൻറ് ഇൻസാഫ് അഹ്സൻ, നിയുക്ത പ്രസിഡൻറ് സഅദ് അമ്മനുല്ല, യൂത്ത് ഫോറം ജനറൽ സെക്രട്ടറി അബ്സൽ അബ്ദുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.