ഖലീഫ സ്റ്റേഡിയം
ദോഹ: ഖത്തർ ക്ലബ് ഫുട്ബാളിലെ സൂപ്പർ പോരാട്ടമായ അമീർ കപ്പിന്റെ 50ാമത് എഡിഷന്റെ കലാശപ്പോരാട്ടത്തിന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം വേദിയാവും. മാർച്ച് 18 വെള്ളിയാഴ്ചയാണ് ഫൈനൽ മത്സരം. ലോകകപ്പിന്റെ പ്രധാന വേദികളിൽ ഒന്നുകൂടിയാണ് ഖത്തറിലെ ആദ്യകാല കളിമുറ്റങ്ങളിൽ ഒന്നായ ഖലീഫ സ്റ്റേഡിയം. ലോകകപ്പിലേക്ക് എട്ടുമാസത്തെ മാത്രം കാത്തിരിപ്പ് ബാക്കിയാകുമ്പോൾ ഖത്തറിന്റെ തയാറെടുപ്പ് കൂടി പരിശോധിക്കപ്പെടുകയാവും അമീർ കപ്പ് ഫൈനൽ. നിലവിൽ ടൂർണമെന്റിന്റെ പ്രീക്വാർട്ടർ വരെയുള്ള മത്സരങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. മാർച്ച് അഞ്ചിനും ആറിനുമായി ക്വാർട്ടർ ഫൈനലും നടക്കും. നിലവിലെ അമീർ കപ്പ് ജേതാക്കളും ലീഗ് ചാമ്പ്യന്മാരുമായ അൽ സദ്ദ് -അൽ അഹ്ലിയെയും, അൽ വക്റ -അൽ റയ്യാനെയും, അൽ ദുഹൈൽ -അൽ സൈലിയയെയും, അൽ ഗറാഫ -ഖത്തർ എസ്.സിയെയും നേരിടും.
കഴിഞ്ഞ സീസണിന്റെ ഫൈനൽ മത്സരവും അൽ തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഒന്നിച്ചായിരുന്നു. ഒക്ടോബർ 22ന് നടന്ന ഫൈനലിൽ അൽ റയ്യാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് അൽ സദ്ദ് കിരീടമണിഞ്ഞത്. ലോകകപ്പിനായി പുനരുദ്ധാരണം പൂർത്തിയാക്കി ആദ്യം മത്സരസജ്ജമായ വേദിയാണ് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം. മൂന്നു തവണ അറേബ്യൻ ഗൾഫ് കപ്പ്, 2006 ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനം, 2011 ഏഷ്യാകപ്പ് ഫുട്ബാൾ ഉൾപ്പെടെ നിരവധി രാജ്യന്തര കായിക മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയവുമാണിത്. 40,000 ഇരിപ്പിട സൗകര്യത്തോടെയാണ് സ്റ്റേഡിയം ലോകകപ്പിനൊരുങ്ങുന്നത്. 2017 അമീർ കപ്പ് ഫൈനലിന് വേദിയായിത്തന്നെയാണ് സ്റ്റേഡിയം വീണ്ടും കാണികൾക്ക് തുറന്നുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.