ദോഹ: ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ അമിരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിൻ ജാസിം മജ്ലിസിലായിരുന്നു കൂടിക്കാഴ്ച.
ഗൾഫ് രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ജി.സി.സി കോർപറേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി പദത്തിലേക്ക് അടുത്തിടെ നിയമിതനായ ജാസിം മുഹമ്മദ് അൽ ബുദൈവിയെ അമീർ അഭിനന്ദിച്ചു. ഗൾഫ് രാജ്യങ്ങളുടെ പരസ്പര സഹകരണവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിൽ പുതിയ സെക്രട്ടറി ജനറലിന് അദ്ദേഹം ആശംസ നേർന്നു.
അമേരിക്കയിലെ കുവൈത്ത് അംബാസഡറായി പ്രവർത്തിച്ച ജാസിം മുഹമ്മദ് അൽ ബുദൈവിയെ ജനുവരി അവസാന വാരത്തിലാണ് ജി.സി.സി സെക്രട്ടറി ജനറലായി നിയമിച്ചത്. ഫെബ്രുവരി ഒന്ന് മുതലാണ് അദ്ദേഹം പുതിയ പദവിയിൽ സ്ഥാനമേറ്റത്. അതിനുശേഷം ഖത്തർ അമീറുമായി ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
തുടർന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായും ജി.സി.സി സെക്രട്ടറി ജനറൽ കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.