ദോഹ: എന്തെങ്കിലും രോഗംവന്നാലോ ലക്ഷണങ്ങൾ കണ്ടാലോ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ കയറുക, എന്നിട്ട് ആൻറിബയോട്ടിക്കുകൾ സ്വന്തം ഇഷ്ടപ്രകാരം വാങ്ങുക, കഴിക്കുക... ഇത് എല്ലാവരും പൊതുവേ ചെയ്യുന്ന കാര്യമാണ്.
സംഗതി അസുഖത്തിന് ശമനമൊക്കെ ഉണ്ടാവുമെങ്കിലും വിദഗ്ധരുടെ നിർദേശപ്രകാരമല്ലാതെ ഇത്തരത്തിൽ ആൻറിബയോട്ടിക്കുകൾ വാങ്ങിക്കഴിക്കുന്നത് ഗുരുതരപ്രശ്നങ്ങൾക്ക് വരെ ഇടയാക്കുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ആൻറിബയോട്ടിക്കുകളുടെ ശരിയല്ലാത്ത ഉപയോഗം, അമിതമായ ഉപയോഗം തുടങ്ങിയവ ഗുരുത പാർശ്വഫലങ്ങളിലേക്ക് നയിക്കാമെന്ന് ഹമദ് മെഡിക്കൽ കോർപറേഷ(എച്ച്.എം.സി)നിലെ വിദഗ്ധർ പറയുന്നു.
ലോക ആൻറിമൈക്രോബിയൽ അവയർനെസ് വാരാചരണം നവംബർ 18 മുതൽ 24 വരെയാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് എച്ച്.എം.സി മുന്നറിയിപ്പ്. മനുഷ്യരുടെയും മൃഗങ്ങളുെടയും ആരോഗ്യത്തിനും ഭക്ഷ്യസുരക്ഷ, വികസനം എന്നിവക്കും കൂടുതൽ ഭീഷണി ഉയർത്തുന്ന ഒന്നായി ആൻറിബയോട്ടിക്കുകളുെട തെറ്റായ ഉപയോഗം മാറിയിട്ടുണ്ടെന്ന് ലോകാരേഗ്യസംഘന പറയുന്നു.കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശരീരത്തിെൻറ രോഗപ്രതിരോധശേഷിയെ ഇല്ലാതാക്കുന്ന ബാക്ടീരിയകളുെട പ്രവർത്തനത്താൽ 2050ഓടെ ഓരോ വർഷവും 10 മില്ല്യൻ ആളുകൾ ലോകത്ത് മരിക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
ചികിത്സക്കോ രോഗാണുനശീകരണത്തിനോ ഉപയോഗിക്കുന്ന ശക്തിയേറിയ മരുന്നുകളാണ് ആൻറിബയോട്ടിക്കുകൾ. ശരീരത്തിന് ഏറെ ദോഷങ്ങൾ വരുത്തുന്ന ബാക്ടീരിയകളുടെ വളർച്ച തടയാനായി രോഗിയുടെ ചികിത്സക്കായി നൽകുന്ന പ്രധാനഘടകമാണ് ആൻറിബയോട്ടിക്കുകളെന്ന് എച്ച്.എം.സി കമ്യൂണിക്കബിൾ ഡിസീസ് സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറയുന്നു. എന്നാൽ ആൻറിബയോട്ടിക്കുകളുെട ഉപയോഗം ശരിയായ വിധത്തിൽ അെല്ലങ്കിൽ അതിെൻറ ഗുണഫലം കുറഞ്ഞുകുറഞ്ഞുവരും. ഇതിനെയാണ് ആൻറിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന് പറയുന്നത്. ആൻറിബയോട്ടിക്കുകൾക്കെതിരെ ബാക്ടീരിയകൾ ശക്തിയാർജിക്കുന്ന അവസ്ഥയാണിത്. ആഗോളതലത്തിൽ ആരോഗ്യരംഗത്തുള്ള വലിയ ഭീഷണിയാണ് ഇതെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും ഡോ. മുന അൽമസ്ലമാനി പറയുന്നു.
ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുേമ്പാൾ ഏതെങ്കിലും തരത്തിലുള്ള അലർജിയുണ്ടായാൽ ഉടൻ ഡോക്ടറെ വിവരമറിയിക്കണം.
ഗർഭിണികൾ ആണെങ്കിൽ ആ വിവരം ഡോക്ടറെ മുൻകൂട്ടി അറിയിക്കണം.
രോഗശമനം ഉണ്ടായിട്ടുണ്ടെങ്കിലും ഡോക്ടർ പറഞ്ഞപ്രകാരമുള്ള ആൻറിബയോട്ടിക്കുകളുെട കോഴ്സ് പൂർത്തീകരിച്ചിരിക്കണം. മിക്കപ്പോഴും രോഗത്തിന് മാറ്റം കാണുന്ന സാഹചര്യത്തിൽ ആളുകൾ ആൻറിബയോട്ടിക്കുകൾ കഴിക്കുന്നത് പൂർണമാക്കാതെ ഇടക്ക് നിർത്തിവെക്കാറുണ്ട്്. ഇത് പാടില്ല.
മറ്റാർക്കെങ്കിലും ഡോക്ടർ നിർദേശിച്ച ആൻറിബയോട്ടിക്കുകൾ ഒരിക്കലും വേറൊരാൾ കഴിക്കാൻ പാടില്ല.
ഓരോരുത്തരുെടയും ശരീരത്തിെൻറ അവസ്ഥകൾ വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കിയാണ് ഡോക്ടർ വ്യത്യസ്ത രീതിയിൽ നിർദേശം നൽകുന്നത്.
മുമ്പ് ഡോക്ടർ നിർദേശിച്ച ആൻറിബയോട്ടിക്കുകൾ പിന്നീട് വരുന്ന രോഗങ്ങൾക്ക് അതുപോലെ ഉപയോഗിക്കരുത്.
നിർദേശപ്രകാരം തെന്ന ആൻറിബയോട്ടിക്കുകൾ സൂക്ഷിക്കണം.
കൈകൾ ശുചിയാക്കുക, മറ്റ് ആരോഗ്യസംരക്ഷണകാര്യങ്ങൾ കൃത്യമായി പാലിക്കുക എന്നിവയിൽ വീഴ്ച വരുത്തരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.