ദോഹ: ലോകകപ്പ് ഫുട്ബാൾ ഉത്സവത്തിനു പിന്നാലെ, ഖത്തർ വേദിയാകുന്ന 2023 എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ തീയതി പ്രഖ്യാപിച്ചു. വൻകരയുടെ പോരാട്ടത്തിന് 2024 ജനുവരി 12ന് കിക്കോഫ് കുറിക്കും. ഫെബ്രുവരി 10നാണ് കലാശപ്പോരാട്ടം. ടൂർണമെന്റിന്റെ പ്രാദേശിക സംഘാടക സമിതിയും പ്രഖ്യാപിച്ചു.
എൽ.ഒ.സി ചെയർമാനായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ (ക്യു.എഫ്.എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനിയെയും വൈസ് ചെയർമാനായി ജാസിം റാഷിദ് അൽ ബൂഐനൈനെയും തെരഞ്ഞെടുത്തു.
ഏഷ്യൻ കപ്പ് 2023ന്റെ പ്രാദേശിക സംഘാടക സമിതി രൂപവത്കരിക്കുന്നത് സംബന്ധിച്ച് ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ 13ാം നമ്പർ തീരുമാനം ക്യു.എഫ്.എ എക്സിക്യൂട്ടിവ് സമിതിയാണ് പുറപ്പെടുവിച്ചത്. അഹ്മദ് അബ്ദുൽ അസീസ് അൽ ബൂഐനൈൻ, ഇബ്രാഹിം ഖലീൽ അൽ മുഹന്നദി, ഹാനി താലിബ് ബല്ലാൻ, മൻസൂർ മുഹമ്മദ് അൽ അൻസാരി, ഗാനിം അലി അൽ കുവാരി, മുഹമ്മദ് ഖലീഫ അൽ സുവൈദി എന്നിവരാണ് സംഘാടക സമിതിയിലെ മറ്റംഗങ്ങൾ. ഖത്തർ ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ മൻസൂർ മുഹമ്മദ് അൽ അൻസാരിയെ ടൂർണമെന്റ് മാനേജിങ് ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.2023 എ.എഫ്.സി ഏഷ്യൻ കപ്പിന് ചൈനയായിരുന്നു വേദിയാകേണ്ടിയിരുന്നതെങ്കിലും കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ടൂർണമെന്റ് ആതിഥേയത്വത്തിൽനിന്ന് അവർ പിന്മാറിയ സാഹചര്യത്തിലാണ് ഖത്തറിന് നറുക്കു വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.