ദോഹ: ഏഷ്യൻ കപ്പ് മേളക്കുള്ള കാത്തിരിപ്പ് നാളുകൾ ഒന്നരമാസമായി ചുരുങ്ങിയപ്പോൾ ഖത്തറിലെയും മേഖലയിലെയും ആരാധകരുടെ ആവേശവും ഇരട്ടിയാവുന്നു. മാച്ച് ടിക്കറ്റ് വിൽപനയുടെ രണ്ടാം ഘട്ടം ആരംഭിച്ച് മണിക്കൂറുകൾക്കകം വിറ്റഴിഞ്ഞത് 90,000ത്തോളം ടിക്കറ്റുകളെന്ന് അധികൃതർ. നവംബർ 19ന് വിൽപനക്ക് തുടക്കംകുറിച്ച് 24 മണിക്കൂറിനുള്ളിലെ കണക്കുകളാണ് സംഘാടകർ പങ്കുവെച്ചത്.
അതിൽ ആവേശത്തോടെ ടിക്കറ്റ് വാങ്ങിക്കൂട്ടിയത് ആതിഥേയരായ ഖത്തറിനും അയൽക്കാരായ സൗദിക്കും പുറമെ ഇന്ത്യക്കാരാണ്. മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം.
ജനുവരി 12ന് നടക്കുന്ന ഖത്തര്‍-ലബനാന് ഉദ്ഘാടന പോരാട്ടം, സൗദി-ഒമാന്‍ മത്സരങ്ങൾ എന്നിവയുടെ ടിക്കറ്റുകൾക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരെത്തിയത്. 25 ഖത്തര്‍ റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ടിക്കറ്റെടുത്ത് പണമടയ്ക്കുന്നതോടെതന്നെ ഇ-മെയിലില്‍ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭിക്കും. സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാന്‍ ഈ ടിക്കറ്റുകള്‍ കാണിച്ചാല്‍ മതിയാകും.
ഈ മാസം 19ന് തുടങ്ങിയ രണ്ടാം ഘട്ട ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണെന്ന് പ്രാദേശിക സംഘാടകർ അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ ഒന്നരലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. ടൂര്‍ണമെന്റിന്റെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം വെള്ളിയാഴ്ച വൈകീട്ട് നടക്കും.
ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങൾ മാറ്റുരക്കുന്ന ഏഷ്യൻ കപ്പിന് ഖത്തർ വേദിയാകുന്നത്. ലോകകപ്പിന്റെ ഏഴു സ്റ്റേഡിയങ്ങൾ ഉൾപ്പെടെ ഒമ്പത് ഇടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.