25ന് അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം നിർവഹിക്കും
ദോഹ: ഹൃദയരോഗ ചികിത്സക്ക് അത്യാധുനിക സൗകര്യങ്ങളോടെ പ്രത്യേക സൂപ്പർ സ്പെഷാലിറ്റി വിഭാഗവുമായി അൽ വക്റയിലെ ഏഷ്യൻ മെഡിക്കൽ സെന്‍റർ. പുതുതായി ആരംഭിക്കുന്ന ഹൃദ്രോഗവിഭാഗം മേയ് 25ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം നിർവഹിക്കുമെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖത്തറിലെ സ്വദേശികളും ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിക്കും.
കഴിഞ്ഞ പത്തുവർഷത്തിലേറെയായി കേരളത്തിൽ ഹൃദ്രോഗവിഭാഗം സ്പെഷലിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോ. പ്രിയ സരസ്വതി വേലായുധനാണ് ഏഷ്യൻ മെഡിക്കൽ സെന്‍റർ ഹൃദ്രോഗ വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നത്. വക്റയിലെ സ്വകാര്യ ആശുപത്രികളിലെ ആദ്യ കാർഡിയോളജിസ്റ്റായാണ് ഡോ. പ്രിയ സരസ്വതി വേലായുധൻ ചുമതലയേൽക്കുന്നത്.
ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഹൃദ്രോഗ ചികിത്സയും രോഗനിർണയവുമായി ബന്ധപ്പെട്ട നിരവധി പരിശോധനാ പാക്കേജുകൾ ആശുപത്രി അധികൃതർ പ്രഖ്യാപിച്ചു. 100 റിയാലാണ് പരിശോധനാ ഫീസ്. ഇ.സി.ജി, ലിപിഡ് പ്രൊഫൈൽ, ഫാസ്റ്റിങ് ബ്ലഡ് ഷുഗർ (എഫ്.ബി.എസ്), ലിവർ ഫങ്ഷൻ ടെസ്റ്റ് (എൽ.എഫ്.ടി), വൃക്ക പരിശോധന (ആർ.എഫ്.ടി), സി.ബി.സി, എക്കോ കാർഡിയോഗ്രാം, കാർഡിയോളജി കൺസൽട്ടേഷൻ എന്നിവയടങ്ങിയ പരിശോധനകൾ ഉദ്ഘാടനത്തിന്‍റെ ഭാഗമായി 1250 റിയാലിന് പൂർത്തിയാക്കാം. മേയ് 25 മുതൽ ജൂൺ 30 വരെയാണ് ഉദ്ഘാടന പാക്കേജ്.
ഗൾഫ് രാജ്യങ്ങളിൽ വിവിധ തൊഴിൽ സാഹചര്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് സുരക്ഷിതമായ ആരോഗ്യ സാഹചര്യം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സൂപ്പർ സ്പെഷാലിറ്റി സംവിധാനം ഒരുക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഡോ. പ്രിയ സരസ്വതി വേലായുധൻ, മാർക്കറ്റിങ് മാനേജർ റിനു ജോസഫ്, ഹെഡ് ഓഫ് ഓപറേഷൻ ആൻഡ് എച്ച്.ആർ മേധാവി മനു സി.ആർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.