ഹമദിനു കീഴിലെ നാഷനൽ കാൻസർ കെയർ ആൻഡ് റിസർച് സെൻറർ

അർബുദത്തിനെതിരെ മെച്ചപ്പെട്ട ചികിത്സ; പുതിയ കേന്ദ്രം വരുന്നു

ദോഹ: ആരോഗ്യ പരിരക്ഷ രംഗത്ത് നിർണായക ചുവടുവെപ്പ് എന്ന നിലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സമഗ്ര അര്‍ബുദ ചികിത്സ കേന്ദ്രം നിര്‍മിക്കാന്‍ പദ്ധതി. കഴിഞ്ഞ പതിറ്റാണ്ടിൽ അർബുദ ചികിത്സ രംഗങ്ങളിൽ രാജ്യം നടത്തിയ മുന്നേറ്റത്തിന്റെയും അന്താരാഷ്ട്ര നിലവാരത്തിലെ ചികിത്സ സംവിധാനങ്ങളുടെയും തുടർച്ചയായാണ് അതിനൂതന കാൻസർ കെയർ സെന്റർ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പുതിയ അള്‍ട്രാ-സ്‌പെഷലൈസ്ഡ് അര്‍ബുദ പരിചരണ കേന്ദ്രം പൗരന്മാര്‍, പ്രവാസികള്‍, വിദേശ രാജ്യങ്ങളില്‍നിന്ന് മെച്ചപ്പെട്ട അര്‍ബുദ ചികിത്സക്കായി ഖത്തറില്‍ എത്തുന്നവര്‍ എന്നിവർക്ക് പരിചരണം നൽകുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിലുള്ള നിലവിലെ ദേശീയ അര്‍ബുദ പരിചരണ-ഗവേഷണ കേന്ദ്രത്തില്‍ മികച്ച പരിചരണമാണ് അര്‍ബുദ രോഗികള്‍ക്ക് നല്‍കുന്നത്. 2023-26 വര്‍ഷത്തേക്കുള്ള നയങ്ങളിലാണ് പുതിയ അർബുദ ചികിത്സ കേന്ദ്രം നിര്‍മിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അര്‍ബുദ രോഗികള്‍ക്കുള്ള പരിചരണത്തില്‍ മികവ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് പുതിയ കേന്ദ്രം.

പ്രോട്ടണ്‍ ബീം തെറപ്പി ഉള്‍പ്പെടെ നൂതന അര്‍ബുദ ചികിത്സ സാങ്കേതിക വിദ്യകളാണ് പുതിയ കേന്ദ്രത്തിലുണ്ടാകുക. രോഗികള്‍, പരിചരിക്കുന്നവർ, കുടുംബങ്ങള്‍ എന്നിവര്‍ക്കായി വ്യത്യസ്ത സൗകര്യങ്ങളുമുണ്ടാകും. ലോകോത്തര നിലവാരത്തിലുള്ള ക്ലിനിക്കല്‍ പരിചരണത്തിന് പുറമെ ഗവേഷണ പ്രവര്‍ത്തനങ്ങളും കേന്ദ്രത്തിലുണ്ടാകും. രാജ്യത്തെ അർബുദ ചികിത്സ സംവിധാനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും രോഗികളുടെയും ആരോഗ്യ വിദഗ്ധരുടെയും ആത്മവിശ്വാസം വർധിപ്പിക്കാനും സമഗ്ര കാൻസർ പരിചരണ കേന്ദ്രത്തിന് കഴിയുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ നാഷനൽ സെന്റർ ഫോർ കാൻസർ ആൻഡ് റിസർച് ചെയർമാൻ ഡോ. മുഹമ്മദ് സലിം അൽ ഹസൻ പറഞ്ഞു. ഒരു മാസം മുമ്പായിരുന്നു ആരോഗ്യ മ​ന്ത്രാലയം 2023-26 ഖത്തർ കാൻസർ പ്ലാൻ അവതരിപ്പിച്ചത്.

Tags:    
News Summary - better treatment against cancer; A new center is coming up in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.