ദോഹ: കുട്ടികളും കൗമാരക്കാരും മുതൽ 88 വയസ്സുകാരിവരെ. പെറു നിർണായക മത്സരത്തിനിറങ്ങിയപ്പോൾ തലസ്ഥാനമായ ലിമ മുതൽ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം ആരാധകർ ദോഹയിലേക്ക് ഒഴുകിയെത്തിയിരുന്നു. 88കാരിയായ ബ്ലാങ്ക റിസ, ചെറുമകൾ ജെന്നിസിനും മക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ലിമയിൽ നിന്നും ദോഹയിലെത്തിയത്. സ്റ്റേഡിയത്തിലെത്തി ആദ്യമായി കാണുന്ന മത്സരത്തിന് ദോഹയായിരുന്നു ബ്ലാങ്ക തിരഞ്ഞെടുത്തത്.
മഡ്രിഡും ഇസ്തംബൂളും സന്ദർശിച്ചായിരുന്നു രണ്ടു ദിനം മുമ്പ് ഇവർ ദോഹയിലെത്തിയത്. ടീം തോറ്റ് പുറത്തായതിന്റെ നിരാശയിലാണെങ്കിലും ആദ്യമായി ഫുട്ബാൾ സ്റ്റേഡിയത്തിലിരുന്ന് ഫുട്ബാൾ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു അമ്മൂമ്മയെന്ന് ചെറുമകൾ ജെന്നിസ് പറയുന്നു. പ്രായാധിക്യത്തിലും ആവേശം ചോരാതെ മുഴുസമയവും കളിയാരവത്തിനൊപ്പം ചേർന്നായിരുന്നു ബ്ലാങ്ക റിസയുടെ ആസ്വാദനം. അമേരിക്കയിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പമെത്തിയ സാന്റിയാഗോ ടീം തോറ്റതിന്റെ നിരാശയായിരുന്നു പങ്കുവെച്ചത്. പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നും അവസരങ്ങൾ പാഴാക്കിയെന്ന് കുറ്റപ്പെടുത്തുമ്പോഴും സ്പോർട്സ്മാൻഷിപ്പോടെ തന്നെ മത്സരഫലത്തെ ഏറ്റെടുക്കുകയാണ് അവർ. 'ഇനി അടുത്ത ലോകകപ്പിൽ പെറു കളിക്കുന്നതിനായി കാത്തിരിക്കാം.
എങ്കിലും ഈ യാത്ര വെറുതെയായില്ല. ഖത്തർ ലോകകപ്പിനെ വരവേൽക്കാനായി മനോഹരമായി തയാറായിരിക്കുന്നു. കഴിഞ്ഞ രണ്ട് ലോകകപ്പ് വേദികളിലുമെത്തിയിരുന്നെങ്കിലും ഖത്തറിന്റെ ഒരുക്കങ്ങൾ വേറിട്ടതാണ്. സ്റ്റേഡിയങ്ങളെല്ലാം മികച്ചത്. തീർച്ചയായും നവംബർ-ഡിസംബറിൽ കാണാം' -മത്സരശേഷി സാന്റിയാഗോ ഗൾഫ് മാധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെ.
സാന്റിയാഗോയും സുഹൃത്തുക്കളും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.