ദോഹ: ഇന്ത്യയിലേക്ക് കോവിഡ് സഹായങ്ങൾ സൗജന്യമായി എത്തിക്കുന്നത് തുടരുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാക്കിർ പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്ന് വിമാനങ്ങളിലായി ഇന്ത്യയിലേക്കുള്ള മെഡിക്കൽ വസ്തുക്കൾ അടക്കമുള്ളവ ഖത്തർ എയർവേസ് കാർഗോ അയച്ചിരുന്നു. ഇതുകൊണ്ട് ദൗത്യം നിർത്തുകയല്ല, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹായങ്ങൾ ഇന്ത്യയിലേക്ക് സൗജന്യമായി എത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. 'സ്കൈ ന്യൂസു'മായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ഞങ്ങൾ. ഉപഭൂഖണ്ഡത്തിലെ പ്രയാസമനുഭവിക്കുന്ന രാജ്യങ്ങളെയെല്ലാം സഹായിക്കുകയാണ് തങ്ങളുടെ നയം. സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ വർഷങ്ങളുടെ ആഴമുള്ള ബന്ധമാണ് ഇന്ത്യയുമായുള്ളത്. അടിയന്തരസാഹചര്യത്തിൽ തങ്ങളുടെ സുഹൃത്തുക്കളോടൊപ്പം നിൽക്കുക എന്നതാണ് ഞങ്ങളുടെ സംസ്കാരം.
മരുന്നുകൾ, ഓക്സജിൻ സിലിണ്ടറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വെൻറിലേറ്ററുകൾ, മറ്റ് സഹായവസ്തുക്കൾ തുടങ്ങിയവയാണ് അയക്കുന്നവയിൽ ഉണ്ടാകുക. ഇന്ത്യക്കായി കോവിഡ് സഹായങ്ങൾ സ്വരൂപിക്കാൻ ഖത്തർ എയർവേസിെൻറയും ഗൾഫ് വെയർഹൗസിങ് കമ്പനി(ജി.ഡബ്ല്യു.സി)യുടെയും സംയുക്ത പദ്ധതി തുടരുകയാണ്. സഹായവസ്തുക്കൾ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്കാണ് കൈമാറുക. വ്യക്തികൾക്കും ഖത്തറിലെ വിവിധ കമ്യൂണിറ്റികൾക്കും മെഡിക്കൽ വസ്തുക്കൾ സംഭാവനയായി നൽകാം.
വെൻറിലേറ്ററുകൾ, ഓക്സിജൻ കണ്ടെയ്നറുകൾ, മെഡിക്കൽ എയർ കംപ്രസറുകൾ, റെംഡെസിവിർ ഇൻജക്ഷനുകൾ, ഇൻജക്ഷൻ ടോസിലിസുമബ് എന്നിവയാണ് സംഭാവനയായി സ്വീകരിക്കുക. ഇവ മേയ് അവസാനം വരെ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ ജി.ഡബ്ല്യു.സി ഖത്തർ ലോജിസ്റ്റിക് വില്ലേജിൽ (വേർഹൗസ് യൂനിറ്റ് ഡി.ഡബ്ല്യു.എച്ച്.1) സ്വീകരിക്കും. എന്നാൽ പി.പി.ഇ കിറ്റുകൾ, വസ്ത്രങ്ങൾ, ഭക്ഷ്യസാധനങ്ങൾ എന്നിവ സ്വീകരിക്കില്ല. ഇവ സമാഹരിച്ച് ഖത്തർഎയർവേസ് സൗജന്യമായി ഇന്ത്യയിൽ എത്തിക്കുകയാണ് ചെയ്യുക. ഇന്ത്യക്കായി സംഭാവന നൽകുന്ന വിവിധ സാധനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പാക്കറ്റുകളിലോ മറ്റോ പ്രശ്നങ്ങൾ ഉള്ളവ സ്വീകരിക്കില്ല. നൂറ് ടണ് വീതം മൂന്ന് വിമാനങ്ങളിലായി കഴിഞ്ഞ ദിവസം ഡല്ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കാണ് സഹായം എത്തിച്ചത്.
ഇന്ത്യക്കാർക്ക് ആവശ്യമുള്ളവയെല്ലാം തങ്ങളുെട വിമാനങ്ങളിൽ എത്തിക്കാൻ തയാറാണെന്നും അക്ബർ അൽ ബാക്കിർ പറഞ്ഞു. നമ്മളെല്ലാം മനുഷ്യരാണ്. സഹജീവികൾക്ക് ആവശ്യമുള്ള സമയങ്ങളിലും സന്ദർഭങ്ങളിലും അവർക്ക് സഹായമെത്തിക്കാൻ തങ്ങൾ ഒരുക്കമാണ്. ഇന്ത്യയിൽ ഇപ്പോൾ മോശം സാഹചര്യമാണ്. മാറിയും മറിഞ്ഞും ലോകത്തെല്ലായിടത്തും ഇതാണ് അവസ്ഥ. സാഹചര്യങ്ങളെ മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനാൽ പ്രയാസമനുഭവിക്കുന്ന എല്ലാവർക്കും പരസ്പരം സഹായമെത്തിക്കുക എന്നതാണ് എല്ലാവരുടെയും കടമയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്: ഖത്തറിെൻറത് മികച്ച നടപടികൾ
മറ്റെല്ലാ രാജ്യങ്ങളിലുമെന്നതുപോലെ ഖത്തറിലും കോവിഡ് ബാധിച്ചിട്ടുണ്ട്. എന്നാൽ രാജ്യം രോഗത്തെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തത്. നിലവിൽ പുതിയ രോഗികൾ ഏെറ കുറഞ്ഞിട്ടുണ്ട്. 35 ശതമാനത്തിലധികം ആളുകൾ കോവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞിട്ടുമുണ്ട്. ജൂലൈ അവസാനത്തോടെ തന്നെ സ്വദേശികളും പൗരന്മാരുമടക്കം എല്ലാവരും വാക്സിൻ സ്വീകരിച്ചു കഴിയും. ഇതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കും.
കോവിഡും വ്യോമയാന മേഖലയും
വിമാനക്കമ്പനികളെയും കോവിഡ് ഏെറ പ്രതികൂലമായി ബാധിച്ചു. എന്നാൽ ഖത്തർ എയർവേസിന് ഈ സാഹചര്യത്തിലും മികച്ച നേട്ടംനേടാനായി. സ്കൈട്രാക്സ് കോവിഡ് സുരക്ഷ അവാർഡ് നേടിയ ലോകത്തെ ഏക വിമാനക്കമ്പനിയാണ് ഖത്തർ എയർവേസും ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും. യാത്രക്കാരുടെയും ജീവനക്കാരുെടയും സുരക്ഷക്കായും അവർക്ക് കോവിഡ്മുക്ത യാത്ര ഒരുക്കുന്നതിനുമായും മികച്ച നടപടികളാണ് കമ്പനി സ്വീകരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ വിമാനത്തിെൻറ അകവശം അണുമുക്തമാക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളാണ് ഉള്ളത്.
ക്യാബിൻ അണുമുക്തമാക്കുന്നതിന് ഏറ്റവും പുതിയ അൾട്രാവയലറ്റ് സാങ്കേതികവിദ്യയായ ഹണിവെല്ലിെൻറ അൾട്രാവയലറ്റ് ക്യാബിൻ സിസ്റ്റം വേർഷൻ 2.0 ഈയടുത്ത് കമ്പനി വിമാനത്തിനുള്ളിൽ സംവിധാനിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കോവിഡ്മുക്ത യാത്രകളാണ് കമ്പനി നൽകുന്നത്. 2020 ഫെബ്രുവരി മുതൽ ഖത്തർ എയർവേസ് വിമാനത്തിൽ യാത്രചെയ്ത 4.6 ദശലക്ഷം യാത്രക്കാരിൽ 582 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഫെബ്രുവരി മുതൽ 37000 കോവിഡ് രഹിത വിമാനങ്ങളാണ് വിവിധ സെക്ടറുകളിൽ പറന്നത്. 99.988 ശതമാനം യാത്രക്കാർക്കും രോഗബാധ ഏറ്റില്ല. മഹാമാരിയെ തുടർന്ന് നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളോടെയുള്ള മുൻകരുതൽ നടപടികൾ, ശുചീകരണ-അണു നശീകരണ പരിപാടികൾ തുടങ്ങിയവയുടെ ഫലമാണിത്. ഒരു ശതമാനത്തിനും താഴെയുള്ള യാത്രക്കാർക്ക് മാത്രമാണ് കോവിഡ് ഇക്കാലയളവിൽ സ്ഥിരീകരിച്ചത്. ഇനിയും ഇത്തരത്തിലുള്ള ഏറ്റവും പുതിയ കോവിഡ് അണുമുക്ത സംവിധാനങ്ങൾ ഒരുക്കാൻ കമ്പനി സജ്ജമാണെന്നും അക്ബർ അൽബാക്കിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.