ദോഹ: 2024 ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്കുള്ള നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി നാല് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി ജനറൽ ടാക്സ് അതോറിറ്റി (ജി.ടി.എ) അറിയിച്ചു. അതോറിറ്റി ഈയിടെ ആരംഭിച്ച നൂറുശതമാനം സാമ്പത്തിക പിഴ ഇളവ് പദ്ധതിയുമായി ചേർന്നാണ് നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്. 2025 ഏപ്രിൽ 30ന് പകരം നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള പുതിയ സമയപരിധി 2025 ആഗസ്റ്റ് 31 ആയിരിക്കും. ഇത് അംഗീകൃത ബദൽ അക്കൗണ്ടിങ് കാലയളവുകൾക്ക് വിധേയമായിരിക്കും. നികുതിദായകർക്ക് അവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നികുതി ബാധ്യതകൾ നിറവേറ്റാനും അധികസമയം നൽകുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2018ലെ ആദായ നികുതിനിയമത്തിന്റെയും (നമ്പർ 24), ഭേദഗതികളുടെയും വ്യവസ്ഥകൾക്ക് വിധേയമായി എല്ലാ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇത് ബാധകമായിരിക്കും. പെട്രോളിയം, പെട്രോ കെമിക്കൽ വ്യവസായ മേഖലകളിലെ കമ്പനികളെ ഇതിൽനിന്നും ഒഴിവാക്കുകയും അവർ 2025 ഏപ്രിൽ 30ന് മുമ്പ് നികുതി റിട്ടേണുകൾ സമർപ്പിക്കണമെന്നും ജി.ടി.എ അറിയിച്ചു.
നികുതിദായകർ ദരീബ ടാക്സ് പോർട്ടൽ വഴി നികുതി റിട്ടേണുകൾ ഇലക്ട്രോണിക് ആയി സമർപ്പിക്കണമെന്നും അതോറിറ്റി നിർദേശം നൽകി. അന്വേഷണങ്ങൾക്കും മറ്റു സഹായത്തിനും 16565 നമ്പറിലോ ഇ-മെയിൽ വഴിയോ അതോറിറ്റിയെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.