ദോഹ: കണ്ണുകളും മനസ്സും കൊത്തിവലിക്കാൻ ശേഷിയുള്ള കിടിലൻ ഡിസൈൻ ഐഡിയ തലക്കകത്തുണ്ടോ...? എങ്കിൽ അക്കൗണ്ട് നിറക്കുന്ന സമ്മാനത്തുകയുമായി ഖത്തർ മ്യൂസിയംസ് കാത്തിരിക്കുന്നു. രണ്ടു ലക്ഷം റിയാൽ (ഏകദേശം 46 ലക്ഷം രൂപ) സമ്മാനത്തുകയുമായി ഖത്തർ മ്യൂസിയത്തിന്റെ ഡിസൈൻ ദോഹ പ്രൈസ് 2026 പ്രഖ്യാപിച്ചു. കരകൗശലം, ഉൽപന്ന ഡിസൈൻ, ഫർണിചർ ഡിസൈൻ, എമർജിങ് ടാലന്റ് എന്നീ നാലു വിഭാഗങ്ങളിലായി മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്കൻ മേഖലയിൽനിന്നുള്ള പ്രതിഭകൾക്ക് പങ്കെടുക്കാൻ അവസരമൊരുക്കിയാണ് ഇത്തവണ ഡിസൈൻ ദോഹ അവാർഡ് പ്രഖ്യാപിച്ചത്.
ഓരോ വിഭാഗത്തിലെയും വിജയികൾക്ക് രണ്ടു ലക്ഷം റിയാൽ വീതം സമ്മാനമായി നൽകും. ജൂൺ 30 വരെ അപേക്ഷകൾ സമർപ്പിക്കാം. മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്ക (മിന) മേഖലയിലെ പൗരന്മാർക്കും താമസക്കാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലുള്ള ബഹുമതിയാണ് ദോഹ ഡിസൈൻ അവാർഡെന്ന് ഡിസൈൻ ദോഹ ആക്ടിങ് ഡയറക്ടർ ഫഹദ് അൽ ഒബൈദലി പറഞ്ഞു.
ഡിസൈൻ മികവിനെ അംഗീകരിക്കുന്നതോടൊപ്പം അറബ് സർഗാത്മകതയുടെ കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ് ഇതെന്ന് അൽ ഒബൈദലി വിശദീകരിച്ചു. ജേതാക്കളെ പ്രഖ്യാപിക്കുന്നതിനായി ശൈഖ അൽ മയാസ ആൽഥാനി തെരഞ്ഞെടുത്ത ജൂറിയിൽ ഡിസൈൻ, റീട്ടെയിൽ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടും. വിജയികൾക്ക് സമ്മാനത്തുകക്ക് പുറമെ, അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങളും ഡിസൈൻ റെഡിസൻസി എന്നിവയും ലഭിക്കും.
അന്തിമഘട്ടത്തിൽ 20 ഫൈനലിസ്റ്റുകൾ അവരുടെ ഡിസൈനുകൾ ജൂറിക്ക് മുന്നിൽ പ്രദർശിപ്പിക്കും. കർശന മാനദണ്ഡങ്ങളോടെയാണ് വിജയിയെ തെരഞ്ഞെടുക്കുക.
കൂടാതെ, രണ്ടാഴ്ചത്തേക്ക് പൊതുജനങ്ങൾക്കായി ഡിസൈനുകൾ പ്രദർശിപ്പിക്കും. ഔദ്യോഗികമായി വിജയികളെ തെരഞ്ഞെടുക്കുന്നതോടെയാണ് പരിപാടിക്ക് സമാപനം കുറിക്കുക.
മ്യൂസിയം ഓഫ് ഇസ് ലാമിക് ആർട്സിൽ നടക്കുന്ന പ്രൗഢമായ ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.