ദോഹ: വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ അകപ്പെടാതിരിക്കാൻ നാട്ടിലെ വിമാനത്താവളങ്ങളിൽ കർശനമായ ശാസ്ത്രീയ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഖത്തറിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരിക്കടത്തിന്റെ പേരിൽ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിരവധി ഇന്ത്യക്കാരാണ് ജയിലുകളിൽ കഴിയുന്നത്. ഇവരിൽ പലരും അറിയാതെ ലഹരി മാഫിയയുടെ ചതിയിൽപെട്ടവരാണെന്നാണ് അന്വേഷണങ്ങൾ വ്യക്തമാക്കുന്നത്. ഡ്രഗ് സ്ക്രീനിങ് ശക്തമാക്കാൻ എയർപോർട്ടുകളിൽ അത്യാധുനിക യന്ത്രങ്ങൾ സ്ഥാപിക്കണം. ഇതിലൂടെ ഒരു പരിധിവരെ ലഹരിക്കടത്ത് തടയാൻ സാധിക്കും.
ലഹരി ഉപയോഗത്തിനും അതുമായി ബന്ധപ്പെട്ട ഇടപാടുകൾക്കുമെതിരെ പ്രവാസി സമൂഹത്തിൽ ശക്തമായ പ്രചാരണം നടത്താൻ വിവിധ പ്രവാസി സംഘടനകൾ മുന്നോട്ടുവരണമെന്നും പി.സി.സി ആവശ്യപ്പെട്ടു. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട അതത് രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളെയും ശിക്ഷകളെയുംകുറിച്ചും ലഹരി ഉപയോഗം ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും പ്രവാസിസമൂഹത്തെ ബോധവത്കരിക്കുന്ന കാമ്പയിനുകൾ പ്രവാസ സമൂഹത്തിൽ നടക്കേണ്ടതുണ്ടെന്നും പ്രവാസി കോഓഡിനേഷൻ അഭിപ്രായപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ, ടാക്സി ഡ്രൈവർമാർ, ലേബർ ക്യാമ്പ് തൊഴിലാളികൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് സാധ്യമാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടി വെറും ചടങ്ങായി മാറുകയാണെന്നും പ്രവാസികളുടെ യഥാർഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ലെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ ചെയർമാൻ അഡ്വ. നിസാർ കൊച്ചേരി അധ്യക്ഷത വഹിച്ചു. എം.പി. ഷാഫി ഹാജി, എ.പി. ഖലീൽ, സാദിഖ് ചെന്നാടൻ, സമീൽ അബ്ദുൽ വാഹിദ് ചാലിയം, നൗഫൽ പാലേരി, കെ.ടി. ഫൈസൽ, ഷാജി ഫ്രാൻസിസ്, ബഷീർ പുത്തുപാടം, ടി.കെ. മുഹമ്മദ്കുഞ്ഞി, പി.ടി. ഹാരിസ്, പി.എൻ.എം. ജാബിർ, സകരിയ്യ മാണിയൂർ, ഷമീർ വലിയവീട്ടിൽ, മജീദ് അലി, അബു കെ. മാണിച്ചിറ, സുബൈർ പാണ്ടവത്ത് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ കൺവീനർ വി.സി. മഷ്ഹൂദ് സ്വാഗതവും പ്രദോഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.