ദോഹ: അൽബിദ്ദ പാർക്കിൽ പുരോഗമിക്കുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സിബിഷനിൽ ശ്രദ്ധേയമായൊരു പവിലിയനാണ് ലോകത്തെ ദരിദ്ര്യ വിഭാഗങ്ങളിലേക്ക് വിദ്യാഭ്യാസം പകരുകയെന്ന ലക്ഷ്യവുമായി സ്ഥാപിച്ച എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ (ഇ.എ.എ). സന്ദർശകരായെത്തുന്നവർക്ക് ഇ.എ.എയുടെ മഹത്തായ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം, വിദ്യാഭ്യാസത്തിന്റെ കരുത്ത് പകരുകയും, പ്രകൃതിയുടെ പാഠങ്ങൾ നൽകുകയുമാണ് ലക്ഷ്യം.
കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ പ്രവർത്തനങ്ങളും പ്രകൃതിയെ അവർ കാണുന്നത് പോലെ കാൻവാസിൽ പ്രകടിപ്പിക്കാൻ അവരെ പ്രാപ്തരാക്കുന്ന വരക്കാനുള്ള അവസരവും ഇ.എ.എ നൽകുന്നു.പരിസ്ഥിതി സൗഹൃദ പവിലിയൻ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഫൗണ്ടേഷന്റെ പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നു.എക്സ്പോ അവസാനിക്കുന്നതോടെ ഇ.എ.എ പവലിയൻ ഏതെങ്കിലും ഒരു അഭയാർഥി ക്യാമ്പിലേക്ക് സംഭാവന ചെയ്യുകയും ക്യാമ്പിനുള്ളിലെ സ്കൂളും കമ്മ്യൂണിറ്റി ഇടവുമായി പ്രവർത്തിക്കുകയും ചെയ്യും. എക്സ്പോ 2023 ദോഹയും ഇ.എ.എയും തമ്മിലുള്ള സഹകരണം സമ്പന്നമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിലെ ഇരുവിഭാഗങ്ങളുടെയും പ്രതിബദ്ധതയും സന്നദ്ധതയും കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാനും ഇത് കൈവരിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കാനും ഈ സഹകരണം യുവതലമുറയെ പ്രചോദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെയും മറ്റു ക്ഷേമ പരിപാടികളിലൂടെയും സംരംഭങ്ങളിലൂടെയും മാനുഷികവും സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് സംഭാവന നൽകുന്ന ഒരു ആഗോള പ്രസ്ഥാനത്തിന്റെ സംസ്ഥാപനമാണ് ഇ.എ.എയുടെ ലക്ഷ്യം. ദാരിദ്ര്യം, സംഘർഷം, പ്രകൃതിദുരന്തം എന്നിവ പ്രതികൂലമായി ബാധിച്ച പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളാണ് ഇ.എ.എയുടെ പ്രധാന ചുമതലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.