സാമ്പത്തിക ഫോറത്തിൽ പ​ങ്കെടുക്കാനെത്തിയ ബംഗ്ലാദേശ്

പ്രധാനമന്ത്രി ശൈഖ് ഹസീനയെ ദോഹയിൽ സ്വീകരിക്കുന്നു

സാമ്പത്തിക ഫോറത്തിന് ഇന്ന് തുടക്കം

ദോഹ: ഇനിയുള്ള മൂന്നു ദിനം തലപുകയ്ക്കുന്ന സാമ്പത്തിക ചർച്ചകളാൽ ദോഹ ശ്രദ്ധ കേന്ദ്രമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1000ത്തോളം വാണിജ്യ പ്രമുഖരും, ഏഷ്യയിലെയും അന്താരാഷ്ട്ര തലത്തിലെയും 50ഓളം സാമ്പത്തിക വിദഗ്ധന്മാരും വിവിധ രാഷ്ട്ര നേതാക്കൾ, വൻ കമ്പനികളുടെ സി.ഇ.ഒമാർ, ​ആഗോള നിക്ഷേപകർ, കായിക-വിനോദ മേഖലകളിൽ നിന്നുള്ള പ്രമുഖർ എന്നിവർ ദോഹയിൽ ഒന്നിക്കുന്നു. മൂന്നാമത് ഖത്തർ സാമ്പത്തിക ഫോറത്തിനാണ് ചൊവ്വാഴ്ച തുടക്കം കുറിക്കുന്നത്. ‘എ ന്യൂ ഗ്ലോബൽ ഗ്രോത്ത് സ്റ്റോറി’ എന്ന തലക്കെട്ടിലാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഫോറം നടക്കുന്നത്. ലുസൈലിലെ കതാറ ടവേഴ്സില്‍ 25 വരെയാണ് ആഗോള സാമ്പത്തിക വിദഗ്ധരും കമ്പനി സി.ഇ.ഒമാരും പങ്കെടുക്കുന്ന പരിപാടി

നടക്കുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ രണ്ടായിരത്തിലേറെ പേര്‍ വിവിധ സെഷനുകളിലായി പങ്കെടുക്കും. ഇതില്‍ ആയിരത്തിലേറെ പേര്‍ ഖത്തറിന് പുറത്തുനിന്നുള്ളവരാണ്. ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ജോര്‍ജീവ, ബോയിങ് കമ്പനി സി.ഇ.ഒ ഡേവിഡ്

കാലോണ്‍, ടിക്ടോക് സി.ഇ.ഒ ച്യു ഷൗ തുടങ്ങിയവര്‍ മൂന്ന് ദിവസങ്ങളിലായി സംസാരിക്കും. സാമ്പത്തിക, ഊര്‍ജ, ആരോഗ്യ, സാങ്കേതിക മേഖലകളിലെ പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യും. അഭിമുഖങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ശിൽപശാലകൾ തുടങ്ങിയ സെഷനുകളായാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസിന, ഹംങ്കറി പ്രസിഡന്റ് വിക്ടർ ഒർബാൻ, റുവാൻഡ പ്രസിഡന്റ് പോൾ കഗാമ, ജോർജിയൻ പ്രധാനമന്ത്രി ഇറാക്ലി ഗരിബഷിവിലി, ​പരഗ്വേ മരിയോ അബ്ദോ ബെനിറ്റസ്, ഘാന പ്രസിഡന്റ് നാന അഡോ ഡാൻക്വ എന്നീ രാഷ്ട്രത്തലവൻമാർ ഫോറത്തിൽ പ​ങ്കെടുക്കുന്നുണ്ട്.

ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ, സൗദി നി​ക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്, ധനകാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ജദാൻ, ഖത്തർ ഊർജകര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബി, ധനകാര്യമന്ത്രി അലി ബിൻഅഹമ്മദ് അൽ കുവാരി, സിവിൽ സർവീസ് ആന്റ് ഗവ. ഡവ. ബ്യൂറോ അധ്യക്ഷൻ അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക്, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി സി.ഇ.ഒ മൻസൂർ ഇബ്രാഹിം അൽ മഹ്മൂദ്, സുപ്രീം കമ്മിറ്റി ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി എന്നിവർ വിവിധ സെഷനുകളിലായി സംസാരിക്കും. മലയാളിയും ബൈജൂസ് ആപ്പ് സ്ഥാപകനുമായ ബൈജു രവീന്ദ്രനും പാനലിസ്റ്റുകളിൽ അംഗമായുണ്ട്. 

Tags:    
News Summary - Economic forum begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.