ദോഹ: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂളുകൾക്കുമായി ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്ത് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ ആപ് പുറത്തിറങ്ങി.
സർട്ടിഫിക്കറ്റ് വിതരണം, പരീക്ഷാഫലം, സർക്കാർ സ്കൂളുകളിലേക്കുള്ള ഇ-രജിസ്ട്രേഷൻ, മുതിർന്ന വിദ്യാർഥികൾക്കുള്ള രജിസ്ട്രേഷൻ (പാരലൽ ട്രാക്ക്), രജിസ്ട്രേഷനും ട്രാൻസ്ഫറിനുമായുള്ള അധിക സേവനങ്ങൾ തുടങ്ങിയവയെല്ലാം മആരിഫ് എന്ന ആപ്പിലുണ്ട്. പാഠപുസ്തകങ്ങളും ഗതാഗത ഫീസും, മുതിർന്നവർക്കുള്ള വിദ്യാഭ്യാസ രജിസ്ട്രേഷൻ ഫീസ്, സ്കൂൾ തുല്യത സർട്ടിഫിക്കറ്റ്, ഉന്നത വിദ്യാഭ്യാസത്തിനും സർവകലാശാല തുല്ല്യത സർട്ടിഫിക്കറ്റിനുമുള്ള മുൻകൂർ അനുമതി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാവരെയും ഉൾക്കൊള്ളുന്ന ഇലക്ട്രോണിക് ഗേറ്റ് വേയാണ് മആരിഫ്. പൊതുജനങ്ങൾക്കായുള്ള എണ്ണമറ്റ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു എന്ന സവിശേഷതയുമുണ്ട്. പുതിയ യുഗത്തിന് അനുയോജ്യമായ നൂതന സേവനങ്ങൾ നൽകാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനുമുള്ള ലക്ഷ്യങ്ങൾ കൈവരിക്കാനും ഡിജിറ്റൽ മുന്നേറ്റങ്ങൾക്കൊപ്പം മുന്നേറാനുമുള്ള മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിനനുസൃതമായാണ് ആപ് വികസിപ്പിച്ചിരിക്കുന്നത്.
വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ വ്യത്യസ്ത ഉപയോക്താക്കൾക്കായി മആരിഫിലെ സേവനങ്ങൾ തരംതിരിച്ചിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്ക് ആപ് ഉപയോഗിക്കാനുള്ള വഴി എളുപ്പമാക്കും. കൂടാതെ മന്ത്രാലയവും പൊതുജനങ്ങളും തമ്മിൽ വേഗത്തിലും നേരിട്ടുമുള്ള ആശയവിനിമയം സാധ്യമാക്കുന്ന ഒരു അറിയിപ്പ് സേവനവും ആപ്പിനുണ്ട്. ആപ്പിന്റെ ആദ്യ ഘട്ടത്തിൽ സേവന സ്ഥിരത ഉറപ്പാക്കുന്നതിന് ഉയർന്ന നിലവാരവും നൂതന സാങ്കേതികവിദ്യകളും നിലനിർത്തി 15 സേവനങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗം മേധാവി മുന സാലിം അൽ ഫദ്ലി പറഞ്ഞു. ആപ്പിൾ, ഗൂഗ്ൾ, വാവേയ് സ്റ്റോറുകളിൽ ആപ് ലഭ്യമാണ്. പുതിയ സേവനങ്ങൾ ഘട്ടംഘട്ടമായി ആപ്പിലേക്ക് ചേർക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.