ദോഹ: കതാറ നിറയെ ആഘോഷങ്ങൾ, സൂഖ് വാഖിഫിലും വക്റയിലും വെടിക്കെട്ടുകൾ, കടൽ തീരങ്ങളിൽ രാവിലെയും രാത്രിയുമായി നീളുന്ന ഉല്ലാസം, പാർക്കുകളിൽ രാത്രി വൈകും വരെ തിരക്കോട് തിരക്ക്, ജനനിബിഡമായി ലുസൈൽ ബൊളെവാഡും മുശൈരിബ് ഡൗൺടൗണും ഉൾപ്പെടെ ആഘോഷവേദികൾ. ബുധനാഴ്ച പെരുന്നാൾ ദിനത്തിൽ തുടങ്ങിയ ആഘോഷങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിലും സജീവമായി തുടരുകയാണ്. സ്വകാര്യ മേഖലകളിലും അവധിയായതോടെ പ്രവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ കുടുംബ സമേതവും, അല്ലാതെയുമായി പുറത്തിറങ്ങിയതോടെ എങ്ങും പെരുന്നാൾ സന്തോഷങ്ങൾ മാത്രമാണ്.
പെരുന്നാൾ ഉത്സവാമാക്കാനിറങ്ങുന്നവർക്ക് വൈവിധ്യമാർന്ന ആഘോഷങ്ങളാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. സർക്കാർ, പൊതു മേഖലകളിൽ ഒമ്പത് ദിവസത്തോളം അവധി നൽകിയപ്പോൾ പ്രവാസികൾ ഉൾപ്പെടെ നിരിവധി പേർ നാട്ടിലെത്തി ബന്ധുക്കൾക്കൊപ്പവും, ചിലർ ജി.സി.സി ഉൾപ്പെടെ വിദേശ യാത്രകൾ നടത്തിയും പെരുന്നാൾ ആഘോഷിച്ചപ്പോൾ, നാട്ടിൽനിന്നും കുടുംബത്തെ ഖത്തറിലെത്തിച്ചും പെരുന്നാൾ സജീവമാക്കുന്നു. കേരളത്തിൽ വേനൽ അവധി തുടങ്ങിയതോടെ മാർച്ച് അവസാന വാരം മുതൽ നിരവധി പ്രവാസികൾ സന്ദർശക വിസയിൽ കുടുംബത്തെ ഖത്തറിലെത്തിച്ചിട്ടുണ്ട്. നിരവധി പേരാണ് സുഹൃത്തുക്കളും കുടുംബങ്ങളുമായി യു.എ.ഇ, ഒമാൻ, സൗദി, കുവൈത്ത്, ബഹ്റൈൻ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് റോഡു മാർഗം തിരിച്ചത്. രണ്ടും മൂന്നും ദിവസത്തെ അവധി ബന്ധുക്കൾക്കൊപ്പം ചെലവഴിക്കാനുള്ളതാക്കി ഇവർ മാറ്റുന്നു.
അതേസമയം, പെരുന്നാൾ അവധി കുട്ടികൾക്കൊപ്പം ആസ്വാദിക്കാൻ നിരവധി ഇടങ്ങൾ ഇത്തവണ ഖത്തറിലുണ്ടെന്ന് വാഴക്കാട് സ്വദേശിയായ മുഹമ്മദ് റാഫി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നാട്ടിൽ വേനലവധി തുടങ്ങിയതോടെ കുടുംബത്തെ ഖത്തറിലെത്തിച്ചിരിക്കുകയാണ് റാഫി. നോമ്പും പെരുന്നാളും കൂടിയ ശേഷം, പാർക്കുകൾ, കടൽ തീരങ്ങൾ, അൽ വക്റ സൂഖിലെയും മറ്റും വെടിക്കെട്ടുകൾ എന്നിങ്ങനെ കുടുംബസമേതം ഓരോ ദിവസവും വിവിധ സ്ഥലങ്ങളിൽ സന്ദർശിക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘ഇൻലാൻഡ് മരുഭൂമിയിലെ സാൻഡ് ഡ്യൂൺ യാത്ര കുടുംബം നന്നായി ആസ്വദിച്ചു. രാവിലെ വീട്ടിൽനിന്നും പുറപ്പെട്ടാൽ ഉച്ചക്ക് മുമ്പ് തിരികെ വീട്ടിലെത്തിക്കുന്ന പാക്കേജുകൾ ലഭ്യമാണ്. അൽ ഖോർ പാർക്ക്, കതാറയിലെ ഈദ് ആഘോഷം, സിമൈസിമ ബീച്ച് എന്നിവിടങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശിച്ചു’ -റാഫി പറഞ്ഞു.
മക്കളുടെ കുടുംബത്തിനൊപ്പം നോമ്പും പെരുന്നാളും കൂടാനെത്തിയതാണ് കോഴിക്കോട് സ്വദേശിയായ അബ്ദുൽ ഹമീദും ഭാര്യയും. കാൽനൂറ്റാണ്ടു കാലം വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവാസിയായിരുന്നെങ്കിലും വർഷങ്ങൾക്ക് ശേഷം ഖത്തറിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവെക്കുന്നു. ബുധനാഴ്ച പെരുന്നാൾ ദിനത്തിൽ തുടങ്ങിയ ആഘോഷത്തിൽ ഖത്തറിനെ പൂർണമായും ആസ്വദിക്കുകയാണ് ഇദ്ദേഹം. മുമ്പ് ഒരു കോർണിഷായിരുന്നു ഏറ്റവും വലിയ ആകർഷണമെങ്കിൽ ഇന്ന് ഒരുപാട് ഇടങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ഓരോ വൈകുന്നേരങ്ങളിലും ആയിരങ്ങളാണ് കതാറയിൽ തടിച്ചുകൂടുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കുമെല്ലാം ആഘോഷിക്കാൻ വൈവിധ്യങ്ങൾ ഒരുക്കിയാണ് കതാറ പെരുന്നാളിനെ വരവേറ്റത്. ബുധനാഴ്ച തുടങ്ങിയ പരിപാടികൾ ശനിയാഴ്ചയോടെ അവസാനിക്കും. വിനോദം, കായികം, കലാ-സാംസ്കാരിക പ്രദർശനങ്ങൾ ഉൾപ്പെടെ 50ഓളം പരിപാടികളാണ് നാലു ദിവസം കതാറയിൽ അരങ്ങേറുന്നത്. അറബ് പൈതൃകവും, സാംസ്കാരിക വിരുന്നുമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ പ്രദർശനവും ഈദ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് മുഖച്ചായവും, ചിത്രരചനയും, ശിൽപശാലയും ഉൾപ്പെടെ പരിപാടികളും പുരോഗമിക്കുന്നു.
സ്വദേശികളും താമസക്കാരും ഉൾപ്പെടെ ആയിരങ്ങളാണ് കുടുംബസമേതം ദിവസവും കതാറയിലെത്തുന്നത്. വിശാലമായ പാർക്കിങ്ങും നടന്നുതീർക്കാൻ കടൽതീരവും പാർക്കുകളുമെല്ലാമാണ് കതാറയെ പെരുന്നാൾ സന്ദർശക കേന്ദ്രങ്ങളിൽ മുൻനിരയിലെത്തിക്കുന്നത്. എല്ലാത്തിനും ഒടുവിലായി രാത്രിയിൽ ആകാശത്തെ വർണാഭമാക്കുന്ന വെടിക്കെട്ടും സന്ദർശകരെ ആകർഷിക്കുന്നു. രാത്രി ഒമ്പതിനും 9.10നുമിടയിലായാണ് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വെടിക്കെട്ട് ഒരുക്കിയത്. ഖത്തരി അർദ നൃത്തം, മൊറോക്കോ, ഫലസ്തീൻ, ഈജിപ്ഷ്യൻ, സിറിയ എന്നീ രാജ്യങ്ങളുടെ പാരമ്പര്യങ്ങളുമായി കൾചറൽ വാക്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നർത്തകരുടെ പ്രദർശനം, ഗായക സംഘങ്ങളുടെ സാന്നിധ്യം എന്നിവയെല്ലാമായി കതാറ ഖത്തറിന്റെ പെരുന്നാൾ വേദിയായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.