ദോഹ: പെരുന്നാൾ ദിനത്തിൽ ആഘോഷങ്ങളോ, വിഭവസമൃദ്ധമായ ഉച്ചഭക്ഷണമോ ഇല്ലാത്തവരെ തേടി ഇത്തവണയും നടുമുറ്റം ഖത്തറിന്റെ ഈദ് സ്നേഹപ്പൊതിയെത്തി. വീടുകളിൽ തയാറാക്കിയ ബിരിയാണികളുമായി ആയിരത്തോളം പ്രവാസികളിലേക്കാണ് ഇത്തവണ ഈദ് സ്നേഹപ്പൊതിയെത്തിയത്. നു ഐജയിലെ പ്രവാസി വെൽഫെയർ ഓഫിസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തൻഡാലെ ഉദ്ഘാടനം ചെയ്തു. ആഘോഷ വേളകളിലെ ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്നും മാനവ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
നടുമുറ്റം പ്രസിഡന്റ് സന നസീം അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം പ്രസിഡന്റ് ആർ .ചന്ദ്രമോഹൻ എന്നിവർ ആശംസകളർപ്പിച്ചു. സ്നേഹപ്പൊതി കോർഡിനേറ്റർ സകീന അബ്ദുല്ല പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. നടുമുറ്റം വൈസ് പ്രസിഡന്റ് റുബീന മുഹമ്മദ് കുഞ്ഞി സ്വാഗതവും ജനറൽ സെക്രട്ടറി ഫാത്തിമ തസ്നീം നന്ദിയും പറഞ്ഞു. പെരുന്നാൾ ദിനത്തിൽ ഭക്ഷണത്തിനു പ്രയാസമനുഭവിക്കുന്നവരെ ചേർത്തു പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈദ് സ്നേഹപ്പൊതി സംഘടിപ്പിച്ചത്. ബോട്ടുകളിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്കും ലേബർക്യാമ്പിലുമായി മാത്രം അഞ്ഞൂറിലധികം കിറ്റുകൾ ടീം വെൽഫെയർ അംഗങ്ങളുടെ കൂടി സഹായത്തോടെ കൈമാറി. സെക്രട്ടറി സിജി പുഷ്കിൻ, വൈസ് പ്രസിഡന്റ് നജ്ല നജീബ്, കൺവീനർ സുമയ്യ തഹ്സീൻ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജോളി തോമസ്, സജ്ന സാക്കി, അജീന അസീം, അഹ്സന, രമ്യ നമ്പിയത്ത്, വിവിധ ഏരിയ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.