ദോഹ: ഇടതുകൈയിലെ ചായപ്പലകയിൽ നിറച്ചിട്ട വർണങ്ങളെ ബ്രഷിൽ കോരിയെടുത്ത് കാൻവാസിലേക്ക് പകർത്തുന്ന കലാകാരന്മാർ. ബ്രഷിനും കാൻവാസിനുമിടയിൽ ഓരാ സ്പർശനവും തപസ്സുപോലെ സൂക്ഷ്മം. മനസ്സിൽ നിറച്ച കാഴ്ചയെ അവർ ഏകാഗ്രമായി പകർത്തുമ്പോൾ കാൻവാസിൽ പുഞ്ചിരിയും ആത്മവിശ്വാസവും തുടിക്കുന്ന ആ മുഖം നിറയുന്നു. ഒരു രാഷ്ട്രവും ജനങ്ങളും അവരുടെ മനസ്സിൽ നെഞ്ചേറ്റിയ ഭരണാധികാരി.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെന്ന കരുത്തനായ ഖത്തറിന്റെ രാഷ്ട്രനായകന്റെ പത്ത് ചിത്രങ്ങൾ. ദേശീയ ദിനം ഉത്സവാന്തരീക്ഷത്തോടെ ആഘോഷമാക്കുന്ന ഖത്തറിൽ കഴിഞ്ഞ മൂന്നാഴ്ചയായി നടന്ന വേറിട്ട ഒരു കലാവിരുന്നിന്റെ കൊടിയിറക്കമായിരുന്നു ശനിയാഴ്ച.
ദോഹയിലെ ആർട്ട് ഫാക്ടറി നേതൃത്വത്തിൽ നവംബർ 29ന് ആരംഭിച്ച ‘പോർട്രേറ്റ് പെയിന്റിങ് മത്സരവും പ്രദർശനവുമായി നീണ്ടുനിന്ന കലാകാരന്മാരുടെ പ്രകടനം കണ്ട ആഴ്ചകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 78 കലാകാരന്മാരെ ഒരുകുടക്കീഴിൽ അണിനിരത്തി അമീറിന്റെ ചിത്രങ്ങൾ വരച്ചുകൊണ്ട് നടത്തിയ ശ്രദ്ധേയമായ മത്സരം. മൂന്നു റൗണ്ടുകളായി നീണ്ട മത്സരത്തിനൊടുവിൽ ശനിയാഴ്ച പത്തു പേർ പങ്കെടുത്ത ലൈവ് പോർട്രേറ്റ് പെയിന്റിങ് ഗ്രാൻഡ് ഫിനാലെയോടെ കൊടിയിറങ്ങി. രാവിലെ എട്ടിന് തുടങ്ങി ഉച്ചക്ക് ഒന്നുവരെ നാലുമണിക്കൂർ നീണ്ടതായിരുന്നു ഫൈനൽ റൗണ്ട്.
ഒടുവിൽ തുനീഷ്യക്കാരനായ വജ്ദി നെഫ്സി ‘പോർട്രേറ്റ് ആർട്ടിസ്റ്റ് ഓഫ് ദി ഇയർ’ പുരസ്കാരത്തിന് അവകാശിയായി. മലയാളിയായ സഗീർ സാലിഹ് രണ്ടാം സ്ഥാനം നേടി. മലയാളിയായ ബാസിത് ഖാനും സൗദിയിൽനിന്നുള്ള ഫിലിപ്പീൻസ് സ്വദേശിയായ നീൽ പിനാർ എന്നിവർ സെക്കൻഡ് റണ്ണറപ്പുമായി.
ഖത്തറിലെ പ്രശസ്ത ഇറാഖി ആർട്ടിസ്റ്റുകളായ ഇസ്മായിൽ അസാം, സലിം മത്കുർ കിനാനി എന്നിവരായിരുന്നു അന്തിമ വിധി നിർണയത്തിലൂടെ വിജയികളെ പ്രഖ്യാപിച്ചത്.
ഒന്നാം സ്ഥാനക്കാരന് 10,000 റിയാലും മെഡലുമാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് 3000 റിയാലും മൂന്നാം സ്ഥാനക്കാർക്ക് 2000 റിയാൽ വീതവും സമ്മാനമായി നൽകി. ഖത്തറിലെ പ്രവാസികളും വിദേശങ്ങളിൽനിന്നുമായി 19 രാജ്യക്കാരാണ് ‘അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തീമിൽ നടന്ന പോർട്രേറ്റ് മത്സരങ്ങളുടെ ആദ്യ റൗണ്ടിൽ പങ്കെടുത്തതെന്ന് ആർട്ട് ഫാക്ടറി മാനേജിങ് ഡയറക്ടർ ഇജാസ് ഹംസ പറഞ്ഞു.
ഖത്തറിൽ ആദ്യമായി അവതരിപ്പിച്ച മത്സരത്തിന് കലാസമൂഹത്തിൽനിന്ന് വലിയ പ്രതികരണമായിരുന്നു ലഭിച്ചത്.തിരഞ്ഞെടുക്കപ്പെട്ട 78 പേരുടെ ചിത്രങ്ങൾ ആദ്യ ഘട്ടത്തിൽ മത്സരിച്ചു. ഇവരിൽനിന്ന് 51 പേരുടെ സെമിയും ശേഷം, പത്തുപേരുടെ ഫൈനൽ റൗണ്ടിലേക്കുള്ള കലാകാരന്മാരെ തിരഞ്ഞെടുക്കുകയായിരുന്നു.
ഫൈനലിൽ തത്സമയ പ്രകടനത്തിന് അവസരം ഒരുക്കിയായിരുന്നു വിജയിയെ നിർണയിച്ചത്. അമീറിന്റെ ചിത്രങ്ങളെ പ്രമേയമാക്കി ജി.സി.സിയിൽ തന്നെ ഇത്തരമൊരു മത്സരവും പ്രദർശനവും ആദ്യമാണെന്ന് ആർട്ട് ഡിവിഷൻ മാനേജർ മുബശ്ശിറ പറഞ്ഞു. മലയാളിയായ രാമചന്ദ്രൻ ആർഷ, ഷീൻ സാൽ ഗൊളിന (ഫിലിപ്പീൻസ്), ജാവേദ് അസ്ലം (ഇന്ത്യ), നൂർ ജിഹാദ് അൽഖാൻ (സിറിയ), ആർസിനോ നിഡോയ് (ഫിലിപ്പീൻസ്), മുഹമ്മദ് മൻസൂർ അബു ഹാലിഖ (ഖത്തർ) എന്നിവരായിരുന്നു ഫൈനൽ റൗണ്ടിൽ പങ്കെടുത്ത മറ്റു കലാകാരന്മാർ.
ഇവർ വരച്ച പോർട്രേറ്റുകൾ ആർട്ട് ഫാക്ടറിയിലൂടെ വിൽപന നടത്തും. ഖത്തർ രാജകുടുംബത്തിൽ നിന്നുൾപ്പെടെ നിരവധി കലാപ്രേമികളാണ് പ്രദർശനം കാണാനും പോർട്രേറ്റുകൾ സ്വന്തമാക്കാനുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.