ദോഹ: ലോകകപ്പ് ഫുട്ബാൾ കിക്കോഫിനൊരുങ്ങുന്ന നാട്ടിൽ ഒരു വർഷമായി കളിയാവേശമായി പെയ്യുന്ന 'എക്സ്പാറ്റ് സ്പോർട്ടിവ്' കാർണിവലിന് സെപ്റ്റംബർ 30ന് സമാപനമാവുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൾചറൽ ഫോറവുമായി സഹകരിച്ച് നടത്തുന്ന മേളയുടെ സമാപനത്തിന് റയ്യാൻ പ്രൈവറ്റ് സ്കൂൾ കാമ്പസ് വേദിയാവും.
വിവിധ കായിക മത്സരങ്ങൾ, എക്സിബിഷന്, ലോകകപ്പിന്റെ നാളിതുവരെയുള്ള ചരിത്രം ഉള്‍ക്കൊള്ളിച്ച കൊളാഷ് പ്രദര്‍ശനം, ദോഹയിലെ കലാകാരന്മാരുടെ കലാവിരുന്ന്, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങിയവയുമുണ്ടാകും.
ലോകകപ്പിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പെനാൽറ്റി കിക്കില്‍ 2022 പേര് പങ്കാളികളാകും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. കാര്‍ണിവല്‍ സമാപനത്തിന്റെ ഭാഗമായി ഖത്തറിലെ മുന്‍നിര പ്രവാസി ടീമുകള്‍ മാറ്റുരക്കുന്ന വിവിധ ടൂര്‍ണമെന്റുകള്‍ നടക്കും.
32 ടീമുകളുടെ പെനാൽറ്റി ഷൂട്ടൗട്ട്, 16 ടീമുകളുടെ പുരുഷ, വനിത വടംവലി, 16 ടീമുകളുടെ ബോക്സ് ക്രിക്കറ്റ്, 23 കാറ്റഗറികളിലായി ബാഡ്മിന്റണ്‍ പുരുഷ- വനിത പഞ്ചഗുസ്തി ടൂര്‍ണമെന്റുകള്‍ അരങ്ങേറും. വിജയികള്‍ക്ക് മെഡലുകളും ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും.
കാണികളായെത്തുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായൊരുക്കുന്ന ഗെയിം സോണില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെ ഫാന്‍സ് ഗ്രൂപ്പുകള്‍ക്കായി പ്രത്യേക പവിലിയനുകളും സജ്ജീകരിക്കും.
വെയ്റ്റ് ലോസ് ചലഞ്ച് വിജയികളെ പ്രഖ്യാപിക്കും. പുരുഷ, വനിത വിഭാഗങ്ങളിലായി വിജയികള്‍ക്ക് സ്വര്‍ണനാണയം സമ്മാനിക്കുമെന്നും അറിയിച്ചു. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രമുഖ പ്രവാസി കൂട്ടായ്മകളുടെയും സ്പോര്‍ട്സ് ക്ലബുകളുടെയും ടീമുകളെ പങ്കെടുപ്പിച്ച് വര്‍ഷങ്ങളായി എക്സ്പാറ്റ് സ്പോര്‍ട്ടിവ് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പ്രവാസി കായികമേളയുടെ തുടര്‍ച്ചയായാണ് ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വമരുളുന്ന ഈ വര്‍ഷം പ്രത്യേകമായി കാര്‍ണിവല്‍ സംഘടിപ്പിച്ചത്.
വാര്‍ത്തസമ്മേളനത്തില്‍ എക്സ്പാറ്റ് സ്പോട്ടിവ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം, കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ഇസൂസു ജനറല്‍ മാനേജര്‍ ഹരി സുബ്രമണി, കെയര്‍ ആൻഡ് ക്യുവര്‍ ചെയര്മാന് ഇ.പി അബ്ദുറഹ്മാന്, എക്സ്പാറ്റ് സ്പോര്‍ട്ടിവ് ജനറല്‍ സെക്രട്ടറി താസീന്‍ അമീന്, വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്, ജനറല്‍ കണ്‍വീനര്‍ അബ്ദുറഹീം വേങ്ങേരി, കള്‍ചറല്‍ ഫോറം സ്പോര്‍ട്സ് വിങ് സെക്രട്ടറി അനസ് ജമാല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.