ദോഹ: ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘മലപ്പുറം കാർണിവൽ’ ഓൾഡ് ഐഡിയൽ സ്കൂളിൽ സമാപിച്ചു. വിവിധ പരിപാടികളോടെ അരങ്ങേറിയ ‘മലപ്പുറം പെരുമ സീസൺ 5’ ആഘോഷം ബഹുജന സാന്നിധ്യത്താൽ ശ്രദ്ധേയമായി. ക്രിക്കറ്റ് ടൂർണമെന്റ്, ബാഡ്മിന്റൺ, പാചക മത്സരം തുടങ്ങിയവയും ഒപ്പന, കോൽക്കളി, ദഫ്മുട്ട്, മുട്ടിപ്പാട്ട്, വട്ടപ്പാട്ട്, ഗസൽ തുടങ്ങിയ കലാപരിപാടികളും കാർണിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 16 മണ്ഡലം കമ്മിറ്റികളൊരുക്കിയ ഭക്ഷണ സ്റ്റാളുകളും മൈലാഞ്ചിയിടൽ, ഫെയ്സ് പെയിന്റിങ് തുടങ്ങിയവയും പരിപാടിക്ക് ഉത്സവച്ഛായ പകർന്നു. മത്സര വിജയികൾക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ്, ജനറൽ സെക്രട്ടറി സലിം നാലകത്ത്, കെ. മുഹമ്മദ് ഈസ, സൈനുൽ ആബിദീൻ സഫാരി, അടിയോട്ടിൽ അഹമ്മദ്, സി.വി. ഖാലിദ്, സിദ്ദീഖ് വാഴക്കാട് തുടങ്ങിയവർ സമ്മാനങ്ങൾ കൈമാറി. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ, സെക്രട്ടറി ശരീഫ് വടക്കയിൽ എന്നിവർ വിശിഷ്ടാതിഥികളായി.
അബ്ദുന്നാസർ നാച്ചി, പി.എസ്.എം. ഹുസൈൻ, മറ്റു സംസ്ഥാന-ജില്ല ഭാരവാഹികളും വിവിധ സംഘടന നേതാക്കളും കാർണിവൽ സന്ദർശിച്ചു. മലപ്പുറം ജില്ല ഭാരവാഹികളായ സവാദ് വെളിയങ്കോട്, അബ്ദുൽ അക്ബർ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, മെഹബൂബ് നാലകത്ത്, അബ്ദുൽ ജബ്ബാർ പാലക്കൽ, ഇസ്മായിൽ ഹുദവി, ശരീഫ് വളാഞ്ചേരി, മുഹമ്മദ് ലയിസ്, മജീദ് പുറത്തൂർ, മുനീർ പട്ടർകടവ്, ഷംസീർമാനു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.