ദോഹ: ഖത്തറിന്റെ വിനോദസഞ്ചാര കേന്ദ്രമായ ദോഹ ഓൾഡ് പോർട്ടിലേക്ക് വേറിട്ടൊരു പ്രദർശനംകൂടി എത്തുന്നു. രാജ്യത്തിന്റെ പൈതൃകങ്ങളിലൊന്നായ മത്സ്യബന്ധനത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പ്രഥമ മത്സ്യബന്ധന പ്രദർശനത്തിന് ഏപ്രിൽ ഒമ്പതിന് തുടക്കംകുറിക്കും. ഖത്തറിന്റെ സമ്പന്നമായ മത്സ്യബന്ധന പാരമ്പര്യത്തിനുള്ള ആദരവും പ്രാദേശിക മത്സ്യബന്ധന മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവുമായാണ് മേള എത്തുന്നത്.
മിന പാർക്കിൽ ഏപ്രിൽ 12 വരെ തുടരുന്ന പ്രദർശനം ആഘോഷമായി രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സംഘാടകർ. കടൽ യാത്രക്കാർക്ക് അവശ്യ മത്സ്യബന്ധന ഉപകരണങ്ങൾ ലഭ്യമാക്കുകയും മേഖലയിലെ മത്സ്യബന്ധന സീസണിന്റെ തുടക്കം കുറിക്കുകയും ചെയ്യുന്ന പ്രധാന പരിപാടിയായും പ്രദർശനം അറിയപ്പെടും.
എണ്ണ കണ്ടെത്തുന്നതിനു മുമ്പ് രാജ്യത്തിന്റെ ഉപജീവന മാർഗമായിരുന്നു മത്സ്യബന്ധനമുൾപ്പെടുന്ന സമുദ്ര മേഖല. ഉപജീവന മാർഗത്തിനു പുറമേ വ്യാപാര, സാംസ്കാരിക തലങ്ങളിലും സമുദ്രം വലിയ ഭാഗമായിരുന്നു. തലമുറകളോളം തീരദേശ സമൂഹത്തിന്റെ നട്ടെല്ലായി മത്സ്യബന്ധനം മാറുകയും ചെയ്തു.വക്റ, അൽഖോർ തുടങ്ങിയ തുറമുഖങ്ങളിൽനിന്നും ഇപ്പോൾ പഴയ ദോഹ തുറമുഖങ്ങളിൽനിന്നും പരമ്പരാഗത പായ്ക്കപ്പലുകൾ മത്സ്യബന്ധനത്തിനും മുത്തുവാരലിനുമായി ദീർഘയാത്രകൾ പുറപ്പെടുക പതിവായിരുന്നു. വല നെയ്ത്ത്, പായ്ക്കപ്പൽ നിർമാണം, കടലിന്റെ കഥകൾ എന്നിങ്ങനെ കൈമാറ്റം ചെയ്യപ്പെട്ട അറിവുകളും സമുദ്രമേഖലയുടെ സംഭാവനകളാണ്.
മിന ഡിസ്ട്രിക്ടിലെ തെക്കൻ ഭാഗത്തുള്ള മിന പാർക്കിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. വൈകീട്ട് നാല് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശന സമയം.
പ്രാദേശിക മത്സ്യബന്ധന ഉപകരണങ്ങൾ, ഗിയർ ബ്രാൻഡുകൾ, വിപണിയിലെ റീട്ടെയിലർമാർ, കമ്പനികൾ എന്നിവരുടെ വൈവിധ്യമാർന്ന ശേഖരങ്ങളുമായി 30 പവലിയനുകളാണ് പ്രദർശനത്തിനുണ്ടാവുക. ഖത്തർ ഫിഷ്, അൽ ഫർദാൻ മറൈൻ സർവിസസ്, ഗൈസ് മറൈൻ, അൽ ലിൻഗാവി ട്രേഡിങ്, ദോഹ ക്രാഫ്റ്റ് മറൈൻ, ബ്ലൂ വെയിൽ മറൈൻ, ബെലുഗ മറൈൻ എന്നിവർക്കൊപ്പം സമുദ്ര മത്സ്യബന്ധന മേഖലയിലെ പ്രമുഖ ബ്രാൻഡുകളും പ്രദർശനത്തിൽ പങ്കെടുക്കും.
പരമ്പരാഗത മത്സ്യബന്ധന ഉപകരണങ്ങൾ മുതൽ അത്യാധുനിക സാങ്കേതികവിദ്യകൾ വരെ പ്രദർശനത്തിലുണ്ടായിരിക്കും. പരമ്പരാഗത നാടോടി സമുദ്ര ബാൻഡിന്റെ പ്രകടനവും അവതരിപ്പിക്കും. കുട്ടികളും യുവാക്കളും ഉൾപ്പെടെ സന്ദർശകർക്ക് കടൽയാത്ര അനുഭവങ്ങൾ പകരുന്ന പരിപാടികളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.