ദോഹ: നൈജീരിയയിലെ പാവങ്ങൾക്ക് തണലൊരുക്കാൻ ഖത്തറിന്റെ ഒരുകൈ സഹായം. സാമ്പത്തികമായി ഏറെ പിന്നാക്കംനിൽക്കുന്ന പ്രദേശമായ കടുനയിൽ മെഗാ ഇക്കണോമിക് സിറ്റിയിൽ അഞ്ചു ലക്ഷം പാർപ്പിടങ്ങളുമായി ദശലക്ഷം പേർക്ക് ആവാസമൊരുക്കുന്ന പദ്ധതിക്ക് ഖത്തർ തുടക്കംകുറിച്ചു.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഖത്തർ അംബാസഡർ ഡോ. അലി ബിൻ ഗാനെം അൽ ഹാജിരി നിർവഹിച്ചു. കൃഷി, ഉൽപാദനം, ചില്ലറ വ്യാപാരം എന്നിവക്ക് പേര് കേട്ട കടുന, വൈവിധ്യവും സമ്പന്നവുമായ സാംസ്കാരിക പൈതൃകമുള്ള, നൈജീരിയയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രമുഖ വ്യാപാര, ഗതാഗതകേന്ദ്രമാണ്. എങ്കിലും നിലവിൽ ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമൂഹിക അസമത്വം എന്നിവയുമായി കടുത്ത വെല്ലുവിളിയാണ് ഇവിടെ നേരിടുന്നത്.
ഖത്തർ സനാബിൽ എന്നു പേരിട്ട പദ്ധതിയുടെ വിജയകരമായ സമാരംഭത്തിന് സഹായവും പിന്തുണയും നൽകിയ ഗവർണർ ഉബ സാനിയെ ഡോ. അൽ ഹാജിരി പ്രത്യേകം പ്രശംസിച്ചു. കടുനയിലെ ഹൗസിങ് യൂനിറ്റുകൾക്ക് പുറമേ, അർഹരായ കുടുംബങ്ങൾക്കും വ്യക്തികൾക്കുമായി നിരവധി ഇടപെടലുകളും ശാക്തീകരണ പരിപാടികളുമായി ഖത്തർ ചാരിറ്റിയും രംഗത്തുണ്ട്.
അനാഥരും അഗതികളുമായ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ, ദരിദ്രകുടുംബങ്ങൾക്കുള്ള തയ്യൽ മെഷീനുകളുടെ വിതരണം, വെൽഡിങ് മെഷീനുകൾ, ജലസേചന പമ്പിങ് മെഷീനുകൾ, സലൂൺ കിറ്റുകൾ, പ്രാദേശിക സർക്കാർ മേഖലകളിലായി നൂറുകണക്കിന് കുഴൽക്കിണറുകൾ എന്നിവ ഖത്തർ ചാരിറ്റി പദ്ധതികളിൽപെടുന്നു.
നൈജീരിയയിലെ ഖത്തർ എംബസിയെയും ഖത്തറിന്റെ ഉടമസ്ഥതയിലുള്ള സനാബിൽ പദ്ധതിയെയും കടുനയുടെ വ്യാപാരസൗഹൃദ അന്തരീക്ഷവുമായി യോജിപ്പിച്ചതിന് നന്ദിയും അഭിനന്ദനവും നേരുന്നുവെന്ന് ചടങ്ങിൽ ഇബ സാനി പറഞ്ഞു. സാമ്പത്തിക നഗരം ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുമായി ശ്രദ്ധ നേടുമെന്നും മതിയായ സുരക്ഷയും ബിസിനസ് പ്രവർത്തനങ്ങൾക്ക് അനുകൂലവുമായ അന്തരീക്ഷമായിരിക്കും ഇവിടെ സജ്ജമാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലിനിക്കുകൾ, ഷോപ്പുകൾ, കോഴി ഫാമുകൾ, മഴക്കാല കൃഷിക്കും ജലസേചന കൃഷിക്കുമുള്ള കൃഷിയിടങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതി പാർപ്പിട പദ്ധതിക്കപ്പുറം വ്യാപിച്ച് കിടക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
കടുന മേഖലയിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ, മതിയായ പാർപ്പിടങ്ങളുടെ അപര്യാപ്തത തുടങ്ങിയ വെല്ലുവിളികൾ പരിഹരിക്കാനുള്ള ഖത്തറിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് മെഗാ പാർപ്പിടപദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.