ദോഹ: രാജ്യത്ത് ഭക്ഷ്യനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പഞ്ചവത്സര കർമപദ്ധതി വികസിപ്പിച്ച് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. രാജ്യത്തെ ഭക്ഷ്യനിരീക്ഷണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി നഗരസഭകാര്യ അണ്ടർ സെക്രട്ടറിക്ക് കീഴിൽ പദ്ധതി തയാറാക്കുന്നത് ഇതാദ്യമായാണെന്ന് മന്ത്രാലയത്തിലെ ഫസ്റ്റ് ഫുഡ് ഇൻസ്പെക്ഷൻ വിദഗ്ധ ഡോ. നവാൽ മുഹമ്മദ് അബ്ദുല്ല പറഞ്ഞു.
നിയമങ്ങളും നിയന്ത്രണങ്ങളും ഉത്തരവുകളും വികസിപ്പിക്കുക, മാനവ വിഭവശേഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നീ രണ്ട് മേഖലകളിലൂന്നിയാണ് പദ്ധതി നടപ്പാക്കുകയെന്ന് ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. നവാൽ വ്യക്തമാക്കി. ഭക്ഷ്യപരിശോധകർക്കുള്ള പ്രത്യേക മാർഗനിർദേശങ്ങൾ ഇതിനകം തയാറാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഭക്ഷ്യ നിരീക്ഷണത്തിനായുള്ള നടപടികൾ നവീകരിച്ചതായും ഡോ. നവാൽ സൂചിപ്പിച്ചു.
പരിശോധകരുടെ യോഗ്യതയും പ്രവർത്തന പരിചയവും മാനദണ്ഡമാക്കി അവരുടെ ചുമതലകൾ പുനർനിർണയിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായും ഉത്തരവാദിത്ത നിർവഹണം കാര്യക്ഷമമാക്കുന്നതിന് പരിശോധകർക്ക് കൂടുതൽ പരിശീലനം നൽകുമെന്നും അവർ പറഞ്ഞു. ഹെൽത്ത് മോണിറ്ററിങ് വിഭാഗത്തിൽ കൂടുതലും വനിതകളാണ് അംഗങ്ങൾ.
തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ അവർ മുന്നിട്ട് നിൽക്കുന്നതായും, ഭക്ഷ്യ, ആരോഗ്യ നിരീക്ഷണ രംഗത്ത് അവരുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഭക്ഷ്യ ഔട്ട്ലെറ്റുകളിലും റസ്റ്റാറൻറുകളിലും കഫറ്റീരിയകളിലും ഹോട്ടലുകളിലും ശുചിത്വവും വൃത്തിയും സുരക്ഷയും ഉറപ്പാക്കുന്നതിൽ മുനിസിപ്പാലിറ്റികൾക്ക് കീഴിലെ പരിശോധകർ വലിയ പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലെ ആദ്യപടിയാണ് ഭക്ഷ്യപരിശോധന സംവിധാനം. ഡോ. നവാൽ വിശദീകരിച്ചു. ഭക്ഷ്യമേഖലയിൽ സർവകലാശാല ബിരുദം നേടിയവർ, കാർഷിക മേഖലയിലെ വിദഗ്ധർ, വെറ്ററിനറി ഡോക്ടർമാർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കിയാണ് പരിശോധകരെ വിന്യസിക്കുന്നതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.