ദോഹ: ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധന ഫലം സംബന്ധിച്ച് സ്ഥാപന ഉടമകൾക്ക് പരാതി ബോധിപ്പിക്കാൻ സൗകര്യമൊരുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഇലക്ട്രോണിക് ഭക്ഷ്യസുരക്ഷ സംവിധാനമായ വാഥിഖിലൂടെയാണ് പരിശോധന നടപടി സംബന്ധിച്ച് സ്ഥാപനങ്ങൾക്കും പരാതിയോ, അഭിപ്രായമോ പങ്കുവെക്കാൻ അവസരം ഒരുക്കുന്നത്.
അധികൃതരുടെ പരിശോധന, നിയമനടപടികൾ, ലബോറട്ടറി ഫലങ്ങൾ എന്നിവ സംബന്ധിച്ച് എതിർപ്പുകൾ ഫയൽ ചെയ്യുന്നതിന് ഭക്ഷ്യസ്ഥാപനങ്ങളെ അനുവദിക്കുന്ന സേവനത്തിനാണ് മന്ത്രാലയം തുടക്കംകുറിച്ചിരിക്കുന്നത്. ഇതോടെ വാഥിഖിലൂടെയുള്ള ഇലക്ട്രോണിക് സേവനങ്ങളുടെ എണ്ണം 20 ആയി. റെഗുലേറ്ററി അതോറിറ്റികളും (പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷ വകുപ്പ്) സംഭരണ കേന്ദ്രങ്ങൾ, റസ്റ്റാറന്റുകൾ, ഫാക്ടറികൾ തുടങ്ങിയ ഭക്ഷ്യസ്ഥാപനങ്ങളും തമ്മിലെ സുതാര്യത വർധിപ്പിക്കുന്നതിനും സഹകരണം ശക്തമാക്കുന്നതിനും പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നു.
ഭക്ഷ്യസ്ഥാപനങ്ങൾക്ക് വ്യക്തമായ തെളിവുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിൽ പരിശോധന ഫലങ്ങളെയോ സ്ഥാപനങ്ങൾക്കെതിരായ തുടർ നടപടികളെയോ എതിർക്കാൻ സേവനം പ്രാപ്തമാക്കും. ചിത്രങ്ങളും പി.ഡി.എഫ് ഫയലുകളും പോലുള്ള അനുബന്ധ രേഖകളും മറ്റും കൂട്ടിച്ചേർക്കുന്നതിനുള്ള സൗകര്യവും നൽകുന്നുണ്ട്.
പരിശോധന ഫലങ്ങളോ തീരുമാനങ്ങളോ ലഭിച്ച് 15 ദിവസത്തിനുള്ളിൽ ഭക്ഷ്യസ്ഥാപനങ്ങൾക്ക് തങ്ങളുടെ പരാതി ഫയൽ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.
സ്ഥാപനങ്ങൾക്ക് നൽകിയ റഫറൻസ് നമ്പറിലൂടെ അപേക്ഷ ട്രാക്ക് ചെയ്യാനും സാധിക്കും. അപേക്ഷ പരിശോധിച്ച ശേഷം ഭക്ഷ്യസുരക്ഷ വകുപ്പിന് കീഴിലെ പ്രത്യേക സംഘങ്ങൾ തീരുമാനങ്ങളും തുടർ നടപടികളും സ്ഥാപനങ്ങളെ ഇ-മെയിൽ വഴി അറിയിക്കും.
സ്ഥാപനങ്ങളുടെ അപേക്ഷയിൽ അധികൃതർ തീരുമാനം ഭേദഗതി ചെയ്യുകയോ അല്ലെങ്കിൽ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് നിരസിക്കുകയോ കൂടുതൽ അവലോകനത്തിനായി അപേക്ഷ തിരികെ അയക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.