ദോഹ: പതിറ്റാണ്ടുകൾ നീണ്ട പ്രവാസ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും ജീവിത പങ്കാളിയെ തൊഴിലെടുക്കുന്ന മണ്ണിലെത്തിക്കാൻ അവസരം ലഭിക്കാത്ത ദീർഘകാല പ്രവാസികൾക്കായി റേഡിയോ മലയാളം 98.6 എഫ്.എം ഒരുക്കുന്ന ‘ഫോർ മൈ ലവ്: ഞാനും ഞാനുമെന്റാളും’ നാലാം സീസൺ കാമ്പയിനിന്റെ ഭാഗമായി ഇത്തവണ 13 പേരെ ഖത്തറിലെത്തിക്കും. മുൻവർഷങ്ങളിൽ ഏറെ സ്വീകാര്യത നേടിയ ഈ പരിപാടിയിലൂടെ ഏറ്റവും അർഹരായ പ്രവാസികൾക്ക് തങ്ങളുടെ പങ്കാളിയെ ഖത്തറിലെത്തിക്കാനാണ് അവസരം ഒരുക്കുന്നതെന്ന് റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈനും ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുറഹ്മാനും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ശ്രോതാക്കൾ തെരഞ്ഞെടുക്കുന്ന ഏറ്റവും അർഹരായ പ്രവാസികളുടെ ഭാര്യമാരെ മാർച്ചിൽ ഒരാഴ്ചക്കാലത്തേക്ക് ഭർത്താക്കന്മാർക്കരികിലെത്തിച്ച് ഒത്തുചേരാൻ അവസരമൊരുക്കുകയാണ് ചെയ്യുന്നത്. 25 വർഷമെങ്കിലുമായി ഖത്തറിൽ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളിൽ നിന്നും റേഡിയോ ശ്രോതാക്കൾ നാമനിർദേശം ചെയ്യുന്ന 13 പേരുടെ ഭാര്യമാരാണ് ഇത്തവണ തെരഞ്ഞെടുക്കുന്നത്. മാർച്ച് ഒന്ന് മുതൽ ഏഴു വരെ നീളുന്ന പരിപാടിയുടെ ഭാഗമായി ദമ്പതികൾക്ക് പ്രമുഖർ പങ്കെടുക്കുന്ന പ്രവാസ മലയാളത്തിന്റെ പ്രത്യേക ആദരിക്കൽ ചടങ്ങ്, ഖത്തറിലെ വിവിധ കൂട്ടായ്മകളും സ്ഥാപനങ്ങളും നല്കുന്ന സ്വീകരണങ്ങൾ, രാജ്യത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം, നിരവധി സമ്മാനങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 2018, 2019, 2023 വർഷങ്ങളിലായി ഇതിനകം 33 ദമ്പതികൾക്കാണ് ‘ഫോർ മൈ ലവ്’ വഴി ഒത്തുചേരാൻ അവസരം ഒരുക്കിയത്.
തുടർന്നു നടന്ന ചടങ്ങിൽ പരിപാടിയുടെ ലോഗോ പ്രകാശനം റേഡിയോ നെറ്റ് വർക്ക് വൈസ് ചെയർമാൻ കെ.സി. അബ്ദുൽ ലത്തീഫ്, അൻവർ ഹുസൈൻ, സഫ്വാൻ, സബീൽ, അബ്ദുൽ സമദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.