ദോഹ: ഏഷ്യൻ കപ്പ് പോരാട്ടങ്ങൾ നോക്കൗണ്ട് റൗണ്ടിന്റെ പാതിവഴിയെത്തുമ്പോൾ ചരിത്രനേട്ടം സ്വന്തമാക്കാനായി കാത്തിരിക്കുന്നത് നാല് പരിശീലകർ. ഏഷ്യൻ കിരീടത്തിൽ മുത്തമിടാനായാൽ അപൂർവ നേട്ടമായിരിക്കും ഇവരിലൊരാളെ കാത്തിരിക്കുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കുന്ന രണ്ട് മത്സരങ്ങളിലായി ഇവർ നേർക്കുനേർ വരുമ്പോൾ രണ്ടു പേർ മാത്രമായിരിക്കും അപൂർവ നേട്ടത്തിനായി ബാക്കിയാവുന്നത്.
ദക്ഷിണ കൊറിയയുടെ യുർഗൻ ക്ലിൻസ്മാൻ, സൗദി അറേബ്യയുടെ റോബർട്ടോ മാൻസിനി, ബഹ്റൈന്റെ ജുവാൻ അന്റോണിയോ പിസി, ജപ്പാന്റെ ഹാജിം മൊറിയാസു എന്നിവരാണ് ഈ നേട്ടത്തിനായി കാത്തിരിക്കുന്നത്. ഇതിൽ ആദ്യത്തെ മൂന്നു പേരിലൊരാൾക്ക് കിരീടം നേടാനായാൽ രണ്ട് വൻകരകളിലായി ചാമ്പ്യന്മാരാകുന്ന ദേശീയ ടീമുകളുടെ പരിശീലകനെന്ന നേട്ടം കൈവരിക്കാം. നേരത്തേ മൂന്ന് പേരാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
2004ൽ ആഫ്രിക്കയിൽ തുനീഷ്യയെ അവരുടെ ആദ്യ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളാക്കിയ റോജർ ലെമറെയാണ് ഈ നേട്ടം ആദ്യമായി കൈവരിച്ചത്. ആ വർഷം ജൂലൈയിൽ ഫ്രഞ്ച് പ്രതിരോധ നിരയുടെ കുന്തമുനയായിരുന്ന ലെമറെ 2000ൽ ഫ്രാൻസിനെ യൂറോ കപ്പ് ചാമ്പ്യന്മാരാക്കുകയും ചെയ്തിരുന്നു. 1984ൽ കിരീടം നേടിയ ഫ്രാൻസിന്റെ 16 വർഷത്തെ കാത്തിരിപ്പിനാണ് ലെമറെ വിരാമമിട്ടത്.
2004ൽ അർജന്റീനയെ കോപ്പ അമേരിക്കയിൽ പരാജയപ്പെടുത്തിയ ബ്രസീൽ പരിശീലകനായ കാർലോസ് ആൽബെർട്ടോ പെരേരയാണ് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെയാൾ. 1980ൽ ദക്ഷിണ കൊറിയയെ 3-0ന് പരാജയപ്പെടുത്തി കുവൈത്തിനെ അവരുടെ ഏക ഏഷ്യൻ കപ്പ് കിരീടം നേടിക്കൊടുത്തതും കാർലോസ് ആൽബെർട്ടോ പെരേരയായിരുന്നു. 1988ൽ സൗദി അറേബ്യയുടെ പരിശീലകനായും പെരേര കിരീടനേട്ടത്തിൽ പങ്കാളിയായി. രണ്ട് എ.എഫ്.സി കിരീടം നേടിയ ഏക പരിശീലകനെന്ന ഖ്യാതിയും പെരേരക്ക് മാത്രമാണ്. നേരത്തെ, കളിക്കാരനായും പരിശീലകനായും ലോക ചാമ്പ്യനെന്ന നേട്ടവും പെരേരക്ക് സ്വന്തമായുണ്ട്.
മറ്റൊരാൾ ടോം സെർമാനിയാണ്. 2010ൽ എ.എഫ്.സി വനിത ഏഷ്യൻ കപ്പിൽ ആസ്ട്രേലിയയെ കന്നിക്കിരീടത്തിലേക്ക് നയിച്ച സെർമാനി 1994ൽ മട്ടിൽഡാസ് എന്നറിയപ്പെടുന്ന ആസ്ട്രേലിയൻ വനിത ടീമിനെ തന്നെ ഓഷ്യാനിയ ചാമ്പ്യന്മാരാക്കിയിരുന്നു.
ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ സൗദി പരിശീലകനായ മാൻസിനി 2020ൽ അസൂറിപ്പടയെ യൂറോ കപ്പ് ജേതാക്കളാക്കിയെങ്കിൽ 2013ൽ അമേരിക്കക്കൊപ്പം ഗോൾഡ് കപ്പ് നേടിയാണ് ക്ലിൻസ്മാൻ വരുന്നത്. 1990ൽ കളിക്കാരനായി ഫിഫ ലോകകപ്പും അദ്ദേഹം നേടിയിട്ടുണ്ട്. ബഹ്റൈനെ ചാമ്പ്യന്മാരാക്കിയാൽ അർജന്റീനക്കാരനായ അന്റോണിയോ പിസിയും അപൂർവ നേട്ടം കരസ്ഥമാക്കിയവരുടെ നിരയിലേക്ക് വരും. 2016ൽ ചിലിയെ കോപ്പ അമേരിക്ക ജേതാക്കളാക്കിയത് പിസിയായിരുന്നു.
അതേസമയം, സാമുറായിസ് പരിശീലകൻ ഹാജിം മൊറിയാസുവിനെ കാത്തിരിക്കുന്നത് മറ്റൊരു അപൂർവ നേട്ടമാണ്. ഖത്തറിൽ ജപ്പാൻ കിരീടം നേടിയാൽ പരിശീലകനായും, ജപ്പാൻ താരമായും കിരീടം നേടുന്ന ആദ്യ വ്യക്തിയാകും മൊറിയാസു. കൂടാതെ ഏഷ്യൻ കപ്പ് കിരീടമെന്ന റെക്കോഡും ഇതോടൊപ്പം ജപ്പാൻ ടീമിന് കൈവരിക്കാം. 1992ൽ ആ വർഷത്തെ എല്ലാ മത്സരങ്ങളിലും പങ്കെടുത്ത 24 കാരനായ മൊറിയാസു കിരീടനേട്ടത്തോടെയാണ് മടങ്ങിയത്. ജപ്പാൻ അവരുടെ പ്രഥമ കിരീടവുമാണ് അന്ന് നേടിയത്.
1960ന് ശേഷം ആദ്യ കിരീടമെന്ന ലക്ഷ്യം മുന്നിലുള്ള ദക്ഷിണ കൊറിയക്കും ക്ലിൻസ്മാനും മറികടക്കേണ്ടത് മാൻസിനിയുടെ ഗ്രീൻ ഫാൽക്കൺസിനെയാണ്. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ചയാണ് ദക്ഷിണ കൊറിയ-സൗദി പോരാട്ടം. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച മത്സരമായിരിക്കുമെന്ന് ഇതിനകം വിധിയെഴുതിക്കഴിഞ്ഞു. മൊറിയാസുവിന്റെ ജപ്പാൻ തുമാമ സ്റ്റേഡിയത്തിൽ ബുധനാഴ്ച ബഹ്റൈനെ നേരിടും. പ്രീ ക്വാർട്ടറിലെ വിജയം തുടർന്നാൽ രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടാൻ ഏറെ സാധ്യതയുണ്ട്. അങ്ങനെ വരുകയാണെങ്കിൽ ഏഷ്യൻ ഫുട്ബാളിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന നേട്ടത്തിന് നമുക്ക് സാക്ഷ്യം വഹിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.