ദോഹ: കുഞ്ഞു മൽഖയുടെ ജീവൻ രക്ഷിക്കാൻ ഒരു ബിരിയാണിപ്പൊതി വാങ്ങണമെന്ന ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രവാസി സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ചു. രണ്ടു വെള്ളിയാഴ്ചകളിലായി, തങ്ങളുടെ ഉച്ചഭക്ഷണത്തിന്റെ തുക, മൽഖക്കായി നീക്കിവെച്ച് അവർ കാരുണ്യപ്പൊതിക്കായി കാത്തിരുന്നു. ഖത്തറിന്റെ നാലു ദിക്കിലേക്കും പാഞ്ഞ വളന്റിയർമാരുടെ സേവനത്തിലൂടെ 13,978 ബിരിയാണികൾ രണ്ടു ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു.
കരുണ വറ്റാത്ത ഹൃദയങ്ങളുടെ ആർദ്രത തെളിയിക്കുന്നതായിരുന്നു കെ.എം.സി.സി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച്. ജൂലൈ 12നും 19നുമായി നടന്ന രണ്ടു ഘട്ടങ്ങളിലായാണ് ബിരിയാണി ചലഞ്ച് നടത്തിയത്. വിതരണ സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് ബുക്കിങ് നേരത്തെ നിർത്തിവെച്ചിരുന്നു.
ബിരിയാണി ചലഞ്ചിലേക്ക് അഭൂതപൂർവമായ പിന്തുണയാണ് ഖത്തറിലെ പ്രവാസികളിൽനിന്ന് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു. 11 ദശലക്ഷം ഖത്തർ റിയാൽ ചെലവ് വരുന്ന ചികിത്സയിലേക്ക് കെ.എം.സി.സി.യുടെ നേതൃത്വത്തിൽ സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
ഖത്തർ ചാരിറ്റിയുടെ അനുമതിയോടെ മൽഖ റൂഹിയുടെ ചികിത്സാ സഹായം പ്രഖ്യാപിച്ചത് മുതൽ ജില്ല, മണ്ഡലം, പഞ്ചായത്ത്, സബ് കമ്മിറ്റി തലങ്ങളിലായി സംഘടിപ്പിച്ച ധന സമാഹരണത്തിന് ശേഷമാണ് സംസ്ഥാനസംഘ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
ബിരിയാണി ചലഞ്ചിന്റെ പ്രചാരണം, രജിസ്ട്രേഷൻ, കോഓഡിനേഷൻ, ഭക്ഷണം തയാറാക്കൽ, ഐ.ടി, ട്രാൻസ്പോർട്ടേഷൻ, ഡെലിവറി, വളന്റിയേഴ്സ് തുടങ്ങിയവക്ക് കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികളും നേതാക്കളും നേതൃത്വം നൽകി.
വിവിധ ഘട്ടങ്ങളിലായി നടന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാന ഉപദേശക സമിതി നേതാക്കളായ എം.പി ഷാഫി ഹാജി, എസ്.എ.എം ബഷീർ അബ്ദു നാസർ നാച്ചി, പി.വി മുഹമ്മദ് മൗലവി, സി.വി ഖാലിദ്, ഹംസ കൊയിലാണ്ടി, ബഷീർ ഖാൻ, ഹമദ് മൂസ, സംസ്ഥാന ഭാരവാഹികളായ ഡോ. അബ്ദു സമദ്, സലീം നാലകത്ത്, കെ. മുഹമ്മദ് ഈസ, അൻവർ ബാബു.
ടി.ടി.കെ ബഷീർ, പുതുക്കുടി അബൂബക്കർ, ആദം കുഞ്ഞി, സിദ്ദീക്ക് വാഴക്കാട്, അഷ്റഫ് ആറളം, അലി മൊറയൂർ, താഹിർ താഹകുട്ടി, വി ടിഎം സാദിഖ്, ഫൈസൽ കേളോത്ത്, സമീർ മുഹമ്മദ് ഷംസു വാണിമേൽ ടീം ബിരിയാണി ചലഞ്ച് സമിതി, നേതാക്കൾ, ജില്ല, മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.