ഗസ്സ വെടിനിർത്തൽ കരാർ അരികെ; മധ്യസ്ഥ ചർച്ചകളിൽ കാര്യമായ പുരോഗതിയെന്നും ഖത്തർ

ഗസ്സ വെടിനിർത്തൽ കരാർ അരികെ; മധ്യസ്ഥ ചർച്ചകളിൽ കാര്യമായ പുരോഗതിയെന്നും ഖത്തർ

ദോഹ: ഗസ്സയിലെ വെടിനിർത്തൽ കരാർ പ്രഖ്യാപനം അരികെയെന്ന് മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ. യുദ്ധം അവസാനിപ്പിക്കാനും ബന്ദിമോചനം സാധ്യമാക്കുന്നതിനുമായി മധ്യസ്ഥ സംഘത്തിന്‍റെ നേതൃത്വത്തിൽ ആഴ്ചകളായി തുടരുന്ന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും അധികം വൈകാതെ ഇരു കക്ഷികളും കരാറിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി ദോഹയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

മധ്യസ്ഥ ദൗത്യങ്ങൾക്ക് മുന്നിലെ പ്രധാന തടസ്സങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്. എങ്കിലും കുറേ വിഷയങ്ങളിൽ കൂടുതൽ വ്യക്തതകൾ ഇനിയും വരാനുണ്ട്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ചും തീരുമാനങ്ങളാകും. ഒരു പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം -ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു. 15 മാസമായി തുടരുന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായതായി വിദേശ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. കരാർ സംബന്ധിച്ച കരട് നിർദേശങ്ങൾ ഇസ്രായേലിനും ഹമാസിനും കൈമാറിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

യു.എസ് പ്രസിഡൻറ് ജോ ബൈഡനുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തിങ്കളാഴ്ച ഫോണിൽ ചർച്ച നടത്തി. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ദോഹയിലുള്ള നിയുക്ത പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ മിഡിൽഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ മിഡിൽഈസ്റ്റ് കോഓർഡിനേറ്റർ ബ്രെറ്റ്, മുതിർന്ന ഹമാസ് നേതാവ് ഡോ. ഖലീൽ അൽ ഹയ്യ എന്നിവരുമായും അമീർ കൂടികാഴ്ച നടത്തി. 

കരാർ മൂന്നു ഘട്ടം

മൂന്ന് ഘട്ടങ്ങളായാണ് കരാർ നടപ്പാക്കുന്നതെന്നാണ് സൂചന. ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക തയാറാക്കിയതായും ഹമാസിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഇസ്രായേൽ ഉദ്യോഗസ്ഥർ ബി.ബി.സിയോട് പ്രതികരിച്ചു. ബന്ദികളായ ഓരോ വനിത സൈനികർക്കും 50 ഫലസ്തീൻ തടവുകാർ എന്ന നിലയിൽ ആദ്യഘട്ടത്തിൽ മോചിപ്പിക്കും. ഓരോ സിവിലിയൻ ബന്ദികൾക്കും പകരമായി 30 ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കുമെന്നാണ് കരാർ നിർദേശമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രണ്ടാം ഘട്ടം കരാർ പ്രാബല്യത്തിൽ വന്ന് 16 ദിവസത്തിനു ശേഷമായിരിക്കും ആരംഭിക്കുക. 

Tags:    
News Summary - Gaza cease-fire agreement aside -Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.