ദോഹ: ഖത്തറിലും ലോകത്തുമായി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ ഗാനിം അൽ മുഫ്ത ഇനി ഫിഫ അംബാസഡർ. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാന്റിനോയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞദിവസം ലണ്ടനിൽ നടന്ന ഫിഫ ‘ദി ബെസ്റ്റ്’ഫുട്ബാൾ അവാർഡ്ദാന ചടങ്ങിൽ ഇൻഫാൻറിനോക്കൊപ്പം ഗാനിം അൽ മുഫ്തയും പങ്കെടുത്തിരുന്നു.
ഭിന്നശേഷിക്കാരനായ ഗാനിം അൽ മുഫ്ത 2022 ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടനായ മോർഗൻ ഫ്രീമാനൊപ്പം വേദിയിലെത്തി ഏവരെയും ഞെട്ടിച്ചിരുന്നു. ഒരു ഫുട്ബാൾ പ്രേമി എന്നനിലയിൽ ഫുട്ബാളെന്ന മനോഹരമായ കളിയെക്കുറിച്ച് ഞങ്ങൾ പലപ്പോഴും സംസാരിച്ചിട്ടുണ്ടെന്നും ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ അദ്ദേഹം ചെയ്യുന്ന എല്ലാ പ്രയത്നങ്ങൾക്കും നന്ദി അറിയിക്കുകയാണെന്നും ഫിഫ പ്രസിഡന്റ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മറ്റുള്ളവർക്കുള്ള പ്രചോദനത്തിന്റെ ഉറവിടമാണ് താങ്കളെന്നും ഗാനിം അൽ മുഫ്താ, താങ്കൾക്ക് മികച്ച ഭാവി നേരുന്നുവെന്നും ഇൻഫാന്റിനോ കൂട്ടിച്ചേർത്തു.
2009ൽ സെഞ്ചുറി ലീഡേഴ്സ് ഫൗണ്ടേഷന്റെ അൺസങ് ഹീറോസ് പട്ടികയിലിടം നേടിയ ഗാനിം, 2014ൽ അന്നത്തെ കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അൽ അഹ്മദ് അൽ സബാഹ് അംബാസഡർ ഓഫ് പീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ റീച്ച് ഔട്ട് ടു ഏഷ്യ (റോട്ട)യുടെ ഗുഡ്വിൽ അംബാസഡർ, ചൈൽഡ്ഹുഡ് അംബാസഡർ എന്നീ പദവികളിലും ഖത്തർ ഫിനാൻഷ്യൽ സെൻറർ അതോറിറ്റിയുടെ ബ്രാൻഡ് അംബാസഡറായും ഗാനിം അൽ മുഫ്ത പ്രവർത്തിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.