സ്മിത ദീപു (ഇടുക്കി), ബർവ സിറ്റി

അദൃശ്യകരങ്ങളാൽ ദൈവം ഞങ്ങളെ ചേർത്തുപിടിക്കുന്നു

കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ​ വൈറസ് വൻമതിലും കടന്ന്​ മറ്റ്​ രാജ്യങ്ങളിലേക്കും എത്തിയപ്പോൾ അൽപമൊന്ന്​ ഭയപ്പെട്ടിരുന്നു എന്നത് സത്യം. പക്ഷേ, അത്​ ഇത്രത്തോളം ഭയാനകമാണെന്ന്​ അന്ന്​ തിരിച്ചറിഞ്ഞിരുന്നില്ല. പെറ്റമ്മയായ കേരളത്തിനോടൊപ്പം പോറ്റമ്മയായ ഖത്തറിലും കോവിഡ്​ താണ്ഡവമാടിത്തുടങ്ങിയപ്പോഴാണ് ആകെ തകർന്നത്. കോവിഡ്​ തനിസ്വരൂപം പുറത്തുകാണിക്കാൻ തുടങ്ങിയപ്പോൾ മനസ്സിലെ വേദന കടിച്ചമര്‍ത്തിയാണ് ആരോഗ്യ പ്രവർത്തകർ കർമനിരതരായത്​. ഭീതിജനകമായ ഒരു നിശ്ശബ്​ദത എല്ലാവരുടെയുമുള്ളിൽ നിറഞ്ഞിരുന്നു. മാസ്ക് വെച്ചുമൂടിയ മുഖങ്ങളാണെങ്കിലും കണ്ണുകളിലൂടെ ഞങ്ങൾ ഉള്ളിലെ ഭീതി പരസ്പരമറിഞ്ഞു. സ്വന്തം ആരോഗ്യത്തിനുമപ്പുറം വീട്ടിലുള്ള ഉടയവർക്ക്​ തങ്ങൾ കാരണം രോഗംവരുമോ എന്ന ചിന്തയായിരുന്നു എപ്പോഴും.

എങ്കിലും ആശുപത്രിയിൽ ജോലിക്കെത്തുന്ന നിമിഷം മുതൽ ദൈവത്തി​െൻറ അദൃശ്യ കരങ്ങൾ ഒപ്പമുള്ളത് പോലെയായിരുന്നു. പ്രതിസന്ധിഘട്ടത്തിൽ താങ്ങും തണലും ആയത്​ കുടുംബാംഗങ്ങളും നഴ്​സിങ്​ കൂട്ടായ്​മ യുനീക്കും സഹപ്രവർത്തകരുമായിരുന്നു. കൂട്ടുകാരിൽ പലർക്കും ഡ്യൂട്ടി മാറിമറിഞ്ഞു. സാധാരണ വാർഡുകളിൽനിന്നും കോവിഡ് സെൻററിലേക്കും ക്വാറൻറീൻ ഹോസ്പിറ്റലിലേക്കും ജോലി മാറിത്തുടങ്ങി. നൊന്ത് പ്രസവിച്ച്​ രണ്ടോ മൂന്നോ മാസം മാത്രം പ്രായമായ കുഞ്ഞുങ്ങളെ ഭർത്താവി​െൻറയോ അമ്മയുടെയോ കൈയിലേൽപിച്ച്​ ഇനി എന്നുകാണുമെന്ന്​ ഉറപ്പുകൊടുക്കാൻ കഴിയാതെ കോവിഡ് ഡ്യൂട്ടിക്ക് തയാറായ കൂട്ടുകാരിയെ ഓർക്കാതെ വയ്യ. ഡ്യൂട്ടി തീരുമ്പോഴേക്കും പാൽ കെട്ടിക്കിടന്ന്​ മാറിലുണ്ടാവുന്ന വേദന അവൾ പങ്കുവെച്ചതുകേട്ട്​ കണ്ണുകൾ നിറഞ്ഞു. മറ്റുള്ളവരുടെ ജീവ​െൻറ സ്പന്ദനം തിരികെ പിടിക്കാൻ കണ്ണിമ വെട്ടാതെ ജോലി ചെയ്യുന്നവരാണ്​ ഞങ്ങൾ.

ഒരു ജീവൻ പോലും മരണത്തിനു വിട്ടുകൊടുക്കില്ല എന്ന് ശപഥം ചെയ്തവരാണ് നഴ്സുമാർ. പി.പി.ഇ കിറ്റടക്കമുള്ളവ ഇട്ടുകഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിയർത്തു തുടങ്ങും. എങ്കിലും ഇത്തിരി വെള്ളം കുടിക്കാനോ എന്തിന്, പ്രാഥമികാവശ്യങ്ങൾക്കുപോലും പോകാതെ പിടിച്ചുനിൽക്കേണ്ടി വരാറുണ്ട്. പലരുടെയും കുടുംബാംഗങ്ങൾ നാട്ടിലും മറുനാട്ടിലുമായി വേറിട്ടുനിൽക്കേണ്ടി വന്നു. വിഡിയോ കാളുകളിൽ കൂടി പരസ്പരം വിഷമങ്ങൾ പങ്കുവെച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളിൽപെട്ട സമൂഹത്തിലെ വിവിധതുറകളിലുള്ള ഒരുപാടുപേർ നിരന്തരം ഫോണിൽ വിളിച്ചുതുടങ്ങി. ഒരാശ്വാസ വാക്കിനായി അവർ കേഴുകയായിരുന്നു. വിസിറ്റ് വിസയിൽ വന്ന്​ ഇവിടെ കുടുങ്ങിപ്പോയ പ്രായമായവർ, നാട്ടിൽനിന്ന്​ കൊണ്ടുവന്ന മരുന്നുകൾ തീർന്നു, ഇവിടെ എങ്ങനെ എവിടെ കിട്ടും തുടങ്ങിയ അന്വേഷണങ്ങൾ. കഴിയുന്നതുപോലെ അവർക്കും ഞങ്ങൾ സാന്ത്വനവും സഹായങ്ങളും നൽകി.

യുനീക്കി​െൻറ ഊർജസ്വലരായ പ്രവർത്തകർ അക്ഷരാർഥത്തിൽ സമൂഹത്തിലേക്കിറങ്ങി താങ്ങും തണലുമായി. സമൂഹമാധ്യമങ്ങൾ ഇതിന്​ ഏറെ ഉപകാരപ്പെട്ടു. ഒരു നഴ്​സ്​ ആയതിനാൽ അഭിമാനം കൊണ്ട നാളുകളായിരുന്നു അവ. നാട്ടിൽ അവധിക്കും മറ്റുംപോയി കുടുങ്ങിക്കിടന്ന സഹപ്രവർത്തകരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും വിജയിച്ചു.ഖത്തറിലെ സാധാരണക്കാരായ ആയിരക്കണക്കിനു തൊഴിലാളികൾക്ക്​ ആരോഗ്യ സേവനങ്ങൾ നൽകുന്ന ഖത്തർ റെഡ് ക്രസൻറ്​ വർക്കേഴ്സ് ഹെൽത്ത് സെൻററി​െൻറ സേവനം ഏറെ മഹത്തരമാണ്​. കോവിഡെന്ന മഹാമാരിയെ പൂർണമായും പടികടത്താൻ മരുന്ന് കണ്ടുപിടിക്കുംവരെ ഒറ്റക്കെട്ടായി പോരാടുക തന്നെ.


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.