ദോഹ: ഏവിയേഷൻ ഹബ് വിപുലീകരണം തുടരുന്നതിന്റെ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളവും ഡെൽ ടെക്നോളജീസും കൈകോർക്കുന്നു. സെർവർ നെറ്റ് വർക്ക് ഇൻഫ്രാസ്ട്രക്ചർ സൊലൂഷൻ എന്നീ സേവനങ്ങളിൽ ഹമദ് രാജ്യാന്തര വിമാനത്താവളവുമായി സഹകരിക്കുന്ന കാര്യം ഡെൽ ടെക്നോളജീസ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സുരക്ഷിതമാക്കാനും കാര്യക്ഷമതയും ചെലവും മെച്ചപ്പെടുത്താനുമായി ഡെൽ ടെക്നോളജീസിന്റെ ഡെൽ പവർ എഡ്ജ് സെർവറുകളാണ് ഹമദ് വിമാനത്താവളം തിരഞ്ഞെടുത്തിരിക്കുന്നത്. അസാധാരണ പ്രവർത്തനമികവ് കൈവരിക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന ഡെൽ പവർ എഡ്ജ് സെർവറുകൾ, കമ്പ്യൂട്ടിങ്, നെറ്റ് വർക്കിങ് മൊഡ്യൂളുകൾ ഉപയോഗിച്ച് ഭാവിയിലേക്കുള്ള അടിത്തറ സുരക്ഷിതമാക്കും. വിമാനത്താവളത്തിന്റെ ആവശ്യാനുസൃതം പിന്നീട് ക്രമീകരിക്കാനും കാലക്രമേണ വികസിപ്പിക്കാനും ഇതിലൂടെ സാധിക്കും.
നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 170ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്നും സർവിസ് നടത്തുന്നുണ്ട്. കൂടാതെ 40ലധികം എയർലൈൻ പങ്കാളികൾക്കും വിമാനത്താവളം തങ്ങളുടെ സേവനം ഉറപ്പുവരുത്തുന്നു.
2022ൽ ഫിഫ ലോകകപ്പിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ദശലക്ഷത്തിലധികം പേർ ഖത്തറിലെത്തിയപ്പോൾ 2021നെ അപേക്ഷിച്ച് വിമാനത്താവളത്തിലെ വിമാന സഞ്ചാരത്തിന്റെ എണ്ണത്തിൽ 28.2 ശതമാനവും യാത്രക്കാരുടെ എണ്ണത്തിൽ 101.9 ശതമാനവുമാണ് വളർച്ച രേഖപ്പെടുത്തിയത്.
2023 ജനുവരിയിൽ ആരംഭിച്ച വിപുലീകരണ പദ്ധതിയുടെ ബി ഘട്ടത്തിൽ രണ്ട് പുതിയ കോൺ കോഴ്സുകളാണുൾപ്പെടുന്നത്. വിമാനത്താവളത്തിന്റെ ശേഷി പ്രതിവർഷം 70 ദശലക്ഷത്തിലധികമാക്കി വർധിപ്പിക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കും.
സുരക്ഷിതമായ ഇടപെടലുകൾക്കും സാധ്യതയുള്ള സുരക്ഷ ഭീഷണികൾ പ്രവചിക്കാനുമായി നിർമിച്ച ഡെൽ പവർ എഡ്ജ് സെർവറുകൾക്ക്, പതിവ് എയർപോർട്ട് ഓപറേഷൻ ടാസ്ക്കുകളുടെ ഓട്ടോമേഷൻ നിരീക്ഷിക്കാനും വിന്യസിക്കാനും നടപ്പാക്കാനുമുള്ള സിസ്റ്റം മാനേജ്മെന്റ് സംവിധാനവുമുണ്ട്.
ആഗോള വ്യാപാരം സുഗമമാക്കുന്നതിലും വ്യവസായ മാനദണ്ഡങ്ങൾ ഉയർത്തുന്നതിലും യാത്രക്കാരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിലും ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണെന്ന് ഡെൽ ടെക്നോളജീസ് ഖത്തർ ജനറൽ മാനേജർ ട്രവേഴ്സ് നിക്കോളാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.